കെ-റെയില്‍: അറസ്റ്റുചെയ്ത സമരക്കാരെ ഭീഷണിപ്പെടുത്തുന്ന പൊലീസ് നടപടി കിരാതം, സമരത്തെ അടിച്ചമര്‍ത്താമെന്ന് പിണറായി കരുതേണ്ടെന്ന് കെ. സുരേന്ദ്രന്‍

കോഴിക്കോട്: മാടപ്പള്ളിയില്‍ കെ-റെയില്‍ പദ്ധതിക്ക് എതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിന് നേരെയുള്ള പൊലീസ് അതിക്രമത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അപലപിച്ചു. സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ പ്രതിരോധത്തെ അടിച്ചമര്‍ത്താമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാമോഹമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

സ്ത്രീകളടക്കമുളള സമരക്കാരെ അറസ്റ്റുചെയ്ത പൊലീസ് നടപടി ഭരണകൂട ഫാസിസമാണ്. അറസ്റ്റുചെയ്ത സമരക്കാരെ ഭീഷണിപ്പെടുത്തുന്ന പൊലീസ് നടപടി കിരാതമാണ്. ജനങ്ങളുടെ വികാരം മനസിലാക്കാതെ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട് പോകാനുള്ള നീക്കം ബിജെപി തടയും.

കേരളത്തിന്റെ താത്പര്യം സംരക്ഷിച്ച് പദ്ധതിക്ക് അനുമതി നല്‍കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നയം മാതൃകയാക്കുകയാണ് സംസ്ഥാനം ചെയ്യേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top