എസ്.എഫ്.ഐക്ക് സി.പി.എം നൽകുന്ന പരിഗണന ചൂണ്ടിക്കാട്ടാൻ ഇവരും !

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യൂത്ത് കോണ്‍ഗ്രസ്സിന്റെയും കെ.എസ്.യുവിന്റെയും സകല പ്രതീക്ഷകളും ഇപ്പോള്‍ എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ സംഘടനകളിലാണ്. ഈ സംഘടനകളിലെ നേതാക്കള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ നേരിടാന്‍ തങ്ങളെ നിയോഗിക്കണമെന്നാണ് യുവ തുര്‍ക്കികള്‍ ആവശ്യപ്പെടുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സ്വന്തം നിലയ്ക്കുള്ള പട്ടികയും കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ്സ് നേതൃത്വങ്ങള്‍ തയ്യാറാക്കി കൈമാറിയിട്ടുണ്ട്. ഇത് ഹൈക്കമാന്റിന് സമര്‍പ്പിക്കാനാണ് നീക്കം. 21 വയസ്സുകാരിയെ മേയറും പഞ്ചായത്ത് പ്രസിഡന്റുമൊക്കെ ആക്കിയ സി.പി.എം നിയമസഭ തെരഞ്ഞെടുപ്പിലും ചെറുപ്പത്തെ മുന്‍നിര്‍ത്തുന്നത് കോണ്‍ഗ്രസ്സിന് വലിയ വെല്ലുവിളിയാകുമെന്നാണ് കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പട്ടിക ഹൈക്കമാന്റിന് മുന്നില്‍ സമര്‍പ്പിക്കുവാനായും കൈമാറിയിട്ടുണ്ട്.

സി.പി.എം, വിദ്യാര്‍ത്ഥി – യുവജന പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പരിഗണന കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണിത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉള്‍പ്പെട്ടതാണ് കെ.എസ്.യുവിന്റെ സ്ഥാനാര്‍ത്ഥി പട്ടിക. പേരാമ്പ്ര ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലേക്കാണ് നോട്ടം. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവ് കോഴിക്കോട് ജില്ലക്കാരനായതിനാല്‍ സച്ചിന്‍ ദേവിനെ സി.പി.എം കളത്തിലിറക്കിയാല്‍ അദ്ദേഹത്തെ നേരിടാന്‍ അഭിജിത്തിനെ ഇറക്കണമെന്നതാണ് കെ.എസ്.യു ജില്ലാ നേതൃത്വവും താല്‍പ്പര്യപ്പെടുന്നത്. ഇത്തവണ കൂടുതല്‍ എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് സി.പി.എം അവസരം നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം ഇത്തരമൊരു നീക്കം നടത്തുന്നത്. അങ്ങനെ വന്നാല്‍ വിപ്ലവ സംഘടനകളുടെ ജില്ലാ നേതാക്കള്‍ക്കുള്‍പ്പെടെയാണ് നറുക്ക് വീഴുക. സി.പി.എമ്മിന്റെ ഈ നീക്കത്തില്‍ തന്നെയാണ് യൂത്ത് കോണ്‍ഗ്രസ്സും കെ.എസ്.യുവും പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്.

സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക ആദ്യം പുറത്ത് വന്നാല്‍, അത് കോണ്‍ഗ്രസ്സിലെ തങ്ങളുടെ വിലപേശലിന്റെ ശക്തി വര്‍ദ്ധിപ്പിക്കുമെന്ന കണക്ക് കൂട്ടലിലാണവര്‍. മലമ്പുഴയില്‍ നടന്ന സംസ്ഥാന ക്യാമ്പില്‍ എടുത്ത തീരുമാനപ്രകാരമുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് അഖിലേന്ത്യ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് സംസ്ഥാന നേതൃത്വമിപ്പോള്‍ കൈമാറിയിരിക്കുന്നത്. ഇതില്‍ സംസ്ഥാന- ജില്ല നേതാക്കളായ ഇരുപതോളം പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥും നിലവില്‍ സിറ്റിംഗ് എം.എല്‍.എമാരായതിനാല്‍ ഇരുവരെയും ഒഴിവാക്കിയ പട്ടികയാണ് സമര്‍പ്പിച്ചിരിക്കുന്നത്.

മറ്റൊരു സംസ്ഥാന വൈസ് പ്രസിഡന്റായ റിജില്‍ മാക്കുറ്റിയെ കണ്ണൂരിലോ അല്ലെങ്കില്‍ ഇരിക്കൂറിലോ പരിഗണിക്കണമെന്നതാണ് ആവശ്യം. റിയാസ് മുക്കോളിയെ തവനൂര്‍ അല്ലെങ്കില്‍ പട്ടാമ്പിയിലും എസ്.എം. ബാലുവിനെ ആറ്റിങ്ങലും സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. എന്‍.എസ്. നൂസൂറിനെ നെടുമങ്ങാട് അല്ലെങ്കില്‍ നേമത്ത് പരിഗണിക്കണമെന്നതാണ് നിര്‍ദ്ദേശം. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ്, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം എന്നിവര്‍ മത്സരിക്കാന്‍ സാധ്യത ഉള്ളതിനാല്‍ തലസ്ഥാന ജില്ലയില്‍ മതിയായ പ്രാതിനിത്യം വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കാന്‍ തന്നെയാണ് കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ്സ് നേതൃത്വങ്ങളുടെ തീരുമാനം.

യൂത്ത് കോണ്‍ഗ്രസ്സ് പത്തനംതിട്ട ജില്ല പ്രസിഡന്റ് എം.ജി. കണ്ണനെ അടൂരും ആലപ്പുഴ ജില്ല പ്രസിഡന്റ് റ്റിജിന്‍ ജോസഫിനെ കുട്ടനാട്ടും മത്സരിപ്പിക്കണമെന്ന ആവശ്യവും നേതൃത്വം ഉയര്‍ത്തിയിട്ടുണ്ട്. കൊല്ലം ജില്ല പ്രസിഡന്റ് അരുണ്‍ രാജിന് ചടയമംഗലത്തൊ അല്ലെങ്കില്‍ പത്തനാപുരത്തോ സീറ്റ് നല്‍കണമെന്നതാണ് മറ്റൊരു ആവശ്യം. കോട്ടയം ജില്ല പ്രസിഡന്റ് ചിന്തു കുര്യന്‍ ജോയ് കാഞ്ഞിരപ്പള്ളിയിലും പാലക്കാട് ജില്ല പ്രസിഡന്റ് ഫിറോസ് ബാബു ഷൊര്‍ണൂരിലും സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണനെ കോഴിക്കോട് നോര്‍ത്ത് അല്ലെങ്കില്‍ ബേപ്പൂരില്‍ മത്സരിപ്പിക്കണമെന്നതാണ് യൂത്ത് കോണ്‍ഗ്രസ്സ് താല്‍പ്പര്യപ്പെടുന്നത്. മഹിള കോണ്‍ഗ്രസ് നേതാവ് കൂടിയായ വീണ എസ്. നായരുടെ പേര് വട്ടിയൂര്‍ക്കാവിലാണുള്ളത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ഡോ. സരിനെ ഒറ്റപ്പാലത്തും ശോഭ സുബിനെ കൈപ്പമംഗലത്തും എ.എം. രോഹിതിനെ പൊന്നാനിയിലും കെ.എസ് അരുണിനെ ഉടുമ്പന്‍ചോലയിലും എം.പി. പ്രവീണിനെ അമ്പലപ്പുഴയിലും മത്സരിപ്പിക്കണമെന്ന ശുപാര്‍ശയും പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് പുറമെ കൊല്ലത്ത് വിഷണു സുനില്‍, ഏറ്റുമാനൂര്‍ ജോബിന്‍ ജേക്കബ്, കുണ്ടറയില്‍ ഫൈസല്‍ കുളപ്പാടം എന്നിവരെയും മത്സരിപ്പിക്കണമെന്നതാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. ഈ പട്ടിക പരിഗണിക്കാതെ ‘സ്ഥിരം നാടകകളരിയിലെ അഭിനേതാക്കളെ’ തന്നെയാണ് വീണ്ടും തെരഞ്ഞെടുപ്പ് കളത്തിലിറക്കുന്നതെങ്കില്‍ യൂത്ത് കോണ്‍ഗ്രസിന് സ്വന്തംനിലയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും കോണ്‍ഗ്രസ്സ് നേതൃത്വത്തിന് യൂത്ത് കോണ്‍ഗ്രസ്സ് നല്‍കിയിട്ടുണ്ട്. സമാന നിലപാട് തന്നെയാണ് കെ.എസ്.യു നേതൃത്വവും കൈക്കൊണ്ടിരിക്കുന്നത്.

അതേസമയം, പരിഗണനാ പട്ടിക യൂത്ത് കോണ്‍ഗ്രസ്സ് – എന്‍.എസ്.യു ദേശീയ നേതൃത്വങ്ങള്‍ ഹൈക്കമാന്റിന് കൈമാറുന്നതോടെ വലിയ പരിഗണനയുണ്ടാവുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ സ്ഥാനാര്‍ത്ഥി മോഹികള്‍. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയും ഇവരുടെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന ഘടകമാണ്. സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികള്‍ക്കൊപ്പം തന്നെ യുവത്വത്തിന് പരിഗണന നല്‍കിയതാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ചുവപ്പ് മുന്നേറ്റത്തിന് കാരണമായതെന്നാണ് കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടി പരാജയപ്പെട്ടാല്‍ പിന്നെ ഒരു തിരിച്ചു വരവ് കേരളത്തിലും കോണ്‍ഗ്രസ്സിന് അസാധ്യമായിരിക്കുമെന്നാണ് യുവ നേതാക്കളുടെ മുന്നറിയിപ്പ്.

Top