കേരളവര്‍മ്മയിലെ തെരഞ്ഞെടുപ്പ്; റീലക്ഷന്‍ ആവശ്യപ്പെട്ട് KSU ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യും

തൃശ്ശൂര്‍: ശ്രീ കേരളവര്‍മ്മ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് വിവാദവുമായി ബന്ധപ്പെട്ട് കോളജ് യൂണിയന്‍ ചെയര്‍മാന്‍ കോടതിയിലേക്ക്. റീലക്ഷന്‍ ആവശ്യപ്പെട്ട് KSU ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യും. റിട്ടേണിംഗ് ഓഫീസര്‍ക്കെതിരെ വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് KSU.

കോളേജില്‍ ചെയര്‍മാന്‍ സ്ഥാനത്ത് എസ്എഫ്‌ഐയുടെ അനിരുദ്ധനാണ് വിജയിച്ചത്. KSU-വിന്റെ ശ്രീക്കുട്ടനെ പരാജയപ്പെടുത്തിയായിരുന്നു ജയം. നേരത്തെ ശ്രീക്കുട്ടന്‍ ഒരു വോട്ട് ഭൂരിപക്ഷത്തില്‍ വിജയിച്ചതിനെ തുടര്‍ന്ന് എസ്എഫ്‌ഐയുടെ ആവശ്യപ്രകാരം റീകൗണ്ടിംഗ് നടത്തുകയായിരുന്നു. ഈ റീകൗണ്ടിംഗിലാണ് എസ്എഫ്‌ഐ വിജയിച്ചത്.

എസ്എഫ്‌ഐയുടെ ആവശ്യപ്രകാരം റീകൗണ്ടിംഗ് ആരംഭിച്ചെങ്കിലും KSU എതിര്‍പ്പറിയിച്ചു. ഇടതുപക്ഷ സംഘടന അധ്യാപകര്‍ ഇടപെട്ട് റീകൗണ്ടിംഗ് അസാധുവാക്കി എന്ന് KSU ആരോപിച്ചു. പരാതിയെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഇടപെട്ട് റീകൗണ്ടിംഗ് നിര്‍ത്തിവെപ്പിച്ചു. ഉന്നതരുടെ സാന്നിധ്യത്തില്‍ മാത്രം റീകൗണ്ടിംഗ് നടത്തിയാല്‍ മതിയെന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ നിലപാടെടുത്തു.

KSU പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി ഡിസിസി പ്രസിഡണ്ട് അടക്കമുള്ളവര്‍ കോളേജിന് പുറത്തെത്തുകയും ചെയ്തു. എന്നാല്‍, പ്രിന്‍സിപ്പളിന്റെ എതിര്‍പ്പ് അവഗണിച്ച് റിട്ടേണിംഗ് ഓഫീസറിന്റെ നേതൃത്വത്തില്‍ ഏറെ വൈകാതെ വോട്ടെണ്ണല്‍ പുനരാരംഭിച്ചു. ഇതോടെ എസ്എഫ്‌ഐ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് KSU റീകൗണ്ടിംഗ് ബഹിഷ്‌കരിച്ചു. KSU പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ നിന്ന് മടങ്ങുകയും ചെയ്തു.

Top