നവകേരള സദസില്‍ സ്‌കൂള്‍ കുട്ടികളെ എത്തിക്കണമെന്ന നിര്‍ദേശം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ കെ.എസ്.യു

കോഴിക്കോട്: സ്‌കൂള്‍ കുട്ടികളെ നവകേരള സദസിനായി ഉപയോഗിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ കെ.എസ്.യു. തെളിവുകള്‍ സഹിതം ഇന്ന് കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് അറിയിച്ചു.

നവ കേരള സദസ്സിന്റെ വാഹനം സഞ്ചരിച്ച വഴിയില്‍ സ്‌കൂള്‍ കുട്ടികളെ മുദ്രാവാക്യം വിളിപ്പിച്ചതടക്കം ചൂണ്ടി കാട്ടിയാണ് ഹര്‍ജി. തിരുവനന്തപുരത്ത് നവകേരള സദസിന് അഭിവാദ്യം അര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചന്നും കെ.എസ്.യു അരോപിച്ചു.

ഓരോ സ്‌കൂളില്‍ നിന്നും 200 കുട്ടികളെ എങ്കിലും നവകേരള സദസില്‍ എത്തിക്കണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാന്‍ പ്രധാന അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയത്.

നവകേരള സദസില്‍ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന നിര്‍ദേശം വിവാദമായതോടെ വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ രംഗത്തെത്തിയിരുന്നു. നവകേരള സദസില്‍ നിര്‍ബന്ധമായും കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡിഇഒ പറഞ്ഞു. നവകേരള സദസ് കുട്ടികള്‍ക്ക് ഒരു അനുഭവമായിരിക്കും. പഠനത്തിന്റെ ഭാഗമായി അവരെ പങ്കെടുപ്പിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്തത് എന്നുമായിരുന്നു വിശദീകരണം.

Top