യെദ്യൂരപ്പയ്ക്ക് നേരെ ഇന്നും കെ.എസ്.യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരം: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കെതിരെ ഇന്നും കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധം. കരിങ്കൊടി കാട്ടിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലേക്ക് പുറപ്പെടാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് യെദ്യൂയൂരപ്പയുടെ വാഹനത്തിന് മുന്നിലേക്ക് കരിങ്കൊടിയുമായി പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനെത്തിയത്.

വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ഏരിയയിലായിരുന്നു പ്രതിഷേധം. പാര്‍ക്കിംഗ് ഏരിയ ഭാഗത്ത് ഒളിച്ചിരുന്ന മൂന്ന് കെ.എസ്.യു  പ്രവര്‍ത്തകരാണ് കരിങ്കൊടി കാട്ടിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.  പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.

യെദ്യൂരപ്പയ്‌ക്കെതിരെ തിങ്കളാഴ്ചയും തമ്പാനൂരില്‍ പ്രതിഷേധം നടന്നിരുന്നു.യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു പ്രവര്‍ത്തകരാണ് ഇന്നലെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്.  തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

 

 

Top