യൂണിവേഴ്‌സിറ്റി കോളജ് സംഘർഷം; ശനിയാഴ്ച കോൺഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജിൽ കെഎസ്‌യു പ്രവർത്തകർക്ക് നേരെയുണ്ടായ അതിക്രമത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധമറിയിക്കാൻ കോൺഗ്രസ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസിന്റേയും കെഎസ്‌യുവിന്റെയും നീക്കം. വിഷയത്തിൽ ഗവർണറെ കണ്ട് പരാതി നൽകാനും നേതൃത്വം ആലോചിക്കുന്നുണ്ട്.

ഇന്ന് വൈകിട്ടാണ് യൂണിവേഴ്‌സിറ്റി കോളജിൽ കെഎസ്‌യു, എസ്എഫ്‌ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ എസ്എഫ്ഐ, കെഎസ്‍യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിരുന്നു. പൊലിസിനെ അക്രമിച്ചതിലും റോഡ് ഉപരോധിച്ചതിലുമാണ് കേസുകൾ ചുമത്തിയിരിക്കുന്നത്. അതേസമയം കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അഭിജിത്തിന്‍റെ പരാതിയിൽ 30 എസ്എഫ്‍ഐക്കാർക്കതിരെ കേസ് എടുത്തു.

കല്ലേറിൽ അഭിജിത്തിന്‍റെയും മറ്റൊരു കെഎസ്‍യു പ്രവ‍ർത്തകന്‍റെയും തലയ്ക്ക് പരിക്കേറ്റിരുന്നു. തന്‍റെ കാലിൽ വലിയ തടിക്കഷ്ണം കൊണ്ട് എസ്എഫ്ഐ പ്രവർത്തകർ തല്ലിയെന്ന് അഭിജിത്ത് ആരോപിച്ചു. എംജി റോഡിൽ ഇരുവിഭാഗത്ത് നിന്നും പരിക്കേറ്റ പ്രവർത്തകരെ നിരത്തിയിരുത്തി ഇരുവിഭാഗവും ഗതാഗതം തടസ്സപ്പെടുത്തി കുത്തിയിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പൊലീസ് ഉദ്യോഗസ്ഥരോട് ക്ഷുഭിതനായി റോഡിൽ കുത്തിയിരുന്നു.

ബുധനാഴ്ച രാത്രി യൂണിവേഴ്സിറ്റി കോളജിൽ കെഎസ്‌യു പ്രവർത്തകനെ എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച കെഎസ്‌യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിലും സംഘർഷമുണ്ടായിരുന്നു.

ഇതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ കോളജ് ക്യാമ്പസിൽ ഒരു കെഎസ്‌യു പ്രവർത്തകനെ മർദിച്ചതായി പരാതി ഉയർന്നു. ഇത് അന്വേഷിക്കാനായാണ് കെ എം അഭിജിത്തിന്റെ നേതൃത്വത്തിൽ കെഎസ്‌യു പ്രവർത്തകർ പ്രകടനമായി യൂണിവേഴ്സിറ്റി കോളജിലെത്തിയത്. ഇതിനിടെയാണ് കെഎസ്‌യു, എസ്എഫ്‌ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്.

Top