ചങ്കുറപ്പുള്ള ആ കെ.എസ്.യുക്കാരൻ തീർത്തു തൃശൂരിൽ ‘മെക്സിക്കൻ അപാരത’

KSU

തൃശ്ശൂര്‍: സിനിമയിലെ പോലെ ജീവിതത്തിലും എല്ലാ കെ.എസ്.യുക്കാരെയും വെല്ലുവിളിക്കരുത് ചിലപ്പോള്‍ ‘പണി’ പാളും. തൃശൂര്‍ ലോ കോളേജില്‍ ‘മെക്‌സിക്കന്‍ അപാരത’ തിരിച്ചടിച്ചതില്‍ ഞെട്ടിയിരിക്കുകയാണിപ്പോള്‍ എസ്.എഫ്.ഐക്കാര്‍.

എസ്.എഫ്.ഐ കോളേജ് യൂണിയന്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ‘മെക്‌സിക്കന്‍ അപാരതയിലെ’ താരം ചങ്കുറപ്പുള്ള കെ.എസ്.യുക്കാരന്‍ ഉണ്ടെങ്കില്‍ സ്റ്റേജിലേക്ക് കയറി വാ എന്ന് പറഞ്ഞപ്പോള്‍ ആ വെല്ലുവിളി ഏറ്റെടുത്ത് കയറി വന്ന ജെസ്‌റ്റോ ആണ് ഇപ്പോള്‍ ലോ കോളേജ് തിരഞ്ഞെടുപ്പില്‍ യൂണിയന്‍ ചെയര്‍മാനായി വിജയിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം തൃശ്ശൂര്‍ ലോ കോളേജില്‍ എസ്.എഫ്.ഐ.യൂണിയന്‍ ഉദ്ഘാടനത്തിനു കെഎസ്‌യുകാരനായ ജെസ്റ്റോ പോള്‍ സ്റ്റേജിലേക്ക് കയറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെറലായി മാറിയിരുന്നു. യൂണിയന്‍ ഉദ്ഘാടനത്തിനായി എത്തിയ ‘മെക്‌സിക്കന്‍ അപാരത’ സിനിമയിലെ നടന്‍ മനുവാണ് ധൈര്യമുള്ള കെ.എസു.യുകാരനെ സ്‌റ്റേജിലേയ്ക്ക് ക്ഷണിച്ചത്.

തന്റെ സിനിമയിലെ ഡയലോഗ് തന്നെ പ്രസംഗത്തിനിടെ ഒരു വെല്ലുവിളി പോലെ മനു പറഞ്ഞപ്പോഴാണ് ജെസ്റ്റോ പോള്‍ സ്റ്റേജിലേക്ക് ധൈര്യപൂര്‍വ്വം കയറി ചെന്നത്. അപ്രതീക്ഷിത ക്ലൈമാക്‌സുള്ള ആ ദൃശ്യം സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു.

എന്നാല്‍, താന്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയപ്പെട്ടെങ്കിലും തന്റെ പോരാട്ടം ആ സ്റ്റേജു കയറ്റത്തില്‍ മാത്രമായി ഒതുക്കാന്‍ അന്നത്തെ ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥി തയ്യാറായില്ല. പോരാട്ടം തുടര്‍ന്നപ്പോള്‍ ഒരു വര്‍ഷത്തിന് ശേഷം ചരിത്രം തിരുത്തി കുറിച്ച് തൃശ്ശൂര്‍ ലോ കോളേജ് യൂണിയന്റെ ചെയര്‍മാനായി വിജയിക്കാനും ജെസ്‌റ്റോയ്ക്ക് നിഷ്പ്രയാസം സാധിച്ചു. ലോ കോളേജിന്റെ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയാണ് ജെസ്‌റ്റോ വിജയിച്ചത്.

Top