കേന്ദ്രസര്‍വകലാശാലയെ കാവിവത്കരിക്കാനുള്ള ശ്രമത്തിനെതിരേ കെഎസ്യുവിന്റെ പ്രതിഷേധം

പെരിയ: കേന്ദ്രസര്‍വകലാശാലയെ കാവിവത്കരിക്കാനുള്ള ശ്രമത്തിനെതിരേ കെഎസ്യുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധം. ഭരണഘടനയുടെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ചു സര്‍വകലാശാല സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസിനെ കെഎസ്യു പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം റോഡില്‍ വാഹനത്തില്‍ തടഞ്ഞുവച്ചു.

ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ ഭരണഘടനയെക്കുറിച്ച് പ്രസംഗിക്കുന്നത് പരിഹാസ്യമാണെന്നു പ്രതിഷേധസമരത്തിന് നേതൃത്വം നല്‍കിയ കെഎസ്യു ജില്ലാ പ്രസിഡന്റ് നോയല്‍ ടോമിന്‍ ജോസഫ് അറിയിച്ചു.

കേന്ദ്ര സര്‍വകലാശാലയെ കാവിവത്കരിക്കുക എന്ന ഉദ്ദേശത്തോടെ ആര്‍എസ്എസ് അനുഭാവികളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടാണ് ഭരണഘടനയുടെ എഴുപതാം വാര്‍ഷികദിനത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചതെന്നു കെഎസ്യു നേതാക്കള്‍ ആരോപിച്ചു. ഇതിനെതിരായി വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നുണ്ടായ പരാതികളെ വിസിയും പിവിസിയും അവഗണിച്ച സാഹചര്യത്തിലാണ് പ്രത്യക്ഷ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് അവര്‍ വ്യക്തമാക്കി.

Top