കേരളവര്‍മ്മയിലെ തെരഞ്ഞെടുപ്പ് വിവാദം; നിരാഹാര സമരത്തിനൊരുങ്ങി കെഎസ്‌യു പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍

തൃശ്ശൂര്‍: കേരളവര്‍മ കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥിയെ റീ കൗണ്ടിങ് നടത്തി തോല്‍പിച്ചെന്നാരോപിച്ച് കെഎസ്‌യു സംസ്ഥാന കമ്മിറ്റി പ്രതിഷേധം ശക്തമാക്കുന്നു. കെഎസ്‌യു പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നിരാഹാര സമരം തുടങ്ങുമെന്ന് അറിയിച്ചു. ഇന്ന് വൈകിട്ട് 7 മുതല്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന് ഓഫീസിന് സമീപം നിരാഹാര സമരം തുടങ്ങുമെന്നാണ് കെഎസ്‌യു അറിയിച്ചിരിക്കുന്നത്.

നാല് പതിറ്റാണ്ടായി എസ്എഫ്‌ഐ കോട്ടയായിരുന്ന കേരള വര്‍മ്മ കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള എസ്എഫ്‌ഐ വിജയം വോട്ടെണ്ണല്‍ അട്ടിമറിച്ചെന്നാണ് കെഎസ്‌യു ഉയര്‍ത്തുന്ന ആരോപണം. ഇന്നലെ വൈകിട്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കെഎസ്‌യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ഒരോട്ടിന് വിജയിച്ചു. എസ്എഫ്‌ഐ ആവശ്യപ്പെട്ട റീ കൗണ്ടിന്റെ ഫലം അര്‍ദ്ധരാത്രിയോടെ വന്നപ്പോള്‍ 11 വോട്ടിന് വിജയം എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിക്കായിരുന്നു.

റീ കൗണ്ടിങ്ങിനിടെ രണ്ട് തവണ കറന്റ് പോയത് ഫലം അട്ടിമറിക്കാനായിരുന്നെന്നാണ് കെഎസ്‌യുവിന്റെ ഒന്നാമത്തെ ആരോപണം. തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് കെഎസ്‌യു ആവശ്യം. ഹൈക്കോടതിയെ സമീപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. അതേസമയം, ആരോപണം മന്ത്രി ബിന്ദുവും ഡോ. സുദര്‍ശനനും നിഷേധിച്ചു.

Top