കേരളത്തിലെ ക്യാമ്പസുകളില്‍ കെഎസ്‌യുവിന് ആശയപരമായ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: കേരളത്തിലെ ക്യാമ്പസുകളില്‍ കെഎസ്‌യുവിന് ആശയപരമായ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നതാണ് ഇടുക്കിയിലെ കൊലപാതകം തെളിയിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.

ക്യാമ്പസില്‍ ഒരു സംഘര്‍ഷവും ഉണ്ടായിരുന്നില്ലെന്നും വി കെ സനോജ് പറഞ്ഞു. പുറത്തു നിന്നും എത്തിയ സംഘമാണ് കൊലപാതകം നടത്തിയത്. ബോധപൂര്‍വ്വമുള്ള ഗൂഢാലോചനയാണിതിന് പിന്നിലെന്നും ഡിവൈഎഫ്ഐ മാധ്യമങ്ങളോട് പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കൊലപാതകത്തെ ന്യായീകരിക്കുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് എടുത്തിട്ടുള്ളതെന്നും സനോജ് കുറ്റപ്പെടുത്തി. നിരവധിയായ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നു. കൊലയാളികളെ പോലും നാണിപ്പിക്കുന്ന പ്രചരണമാണ് സുധാകരനും അനുയായികളും നടത്തുന്നത്.

രക്തം ദാഹിച്ച് നടക്കുന്ന ഡ്രാക്കുള സംഘമാണ് ഇന്ന് കോണ്‍ഗ്രസ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് കെഎസ്‌യു സംഘടനയിലുള്ളവരാണെന്ന പച്ചക്കള്ളമാണ് സുധാകരന്‍ പറയുന്നതെന്നും ഡിവൈഎഫ്ഐ പറഞ്ഞു.

കേരളത്തിലെ ക്യാമ്പസില്‍ എസ്എഫ്‌ഐ ക്കാരുടെ കൈകള്‍ കൊണ്ട് ഒരു കെഎസ്‌യുക്കാരനും കൊല്ലപ്പെട്ടിട്ടില്ലെന്നും സനോജ് അവകാശപ്പെട്ടു. കെഎസ്‌യുക്കാര്‍ സ്വന്തം സഹപ്രവര്‍ത്തകനെ പോലും കൊലപ്പെടുത്തിയ കൊലയാളി സംഘമാണ്. കേരളത്തില്‍ കലാപത്തിനുള്ള ശ്രമം നടക്കുകയാണ്.

വ്യാപകമായ അക്രമം നടത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. കൊലപാതകത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച്ച സംസ്ഥാനത്തെ 14 കേന്ദ്രങ്ങളില്‍ ജനകീയ സദസ് സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

Top