എസ്.എഫ്.ഐയെ പോലെ വളരാൻ കെ.എസ്.യുവിനും അതിയായ മോഹം !

കേരളം പിടിക്കണമെങ്കിൽ ആദ്യം കാമ്പസുകൾ പിടിക്കണമെന്ന നിർദ്ദേശവുമായി യു.ഡി.എഫ് നേതൃത്വം. ഇതിനായി യു.ഡി.എഫ് വിദ്യാർത്ഥി സംഘടനകൾക്കിടയിൽ യോജിപ്പ് ശക്തമാക്കാനാണ് തീരുമാനം. സംസ്ഥാന സർക്കാറിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൻ്റെ പ്രധാന വേദിയായി കാമ്പസുകളെ മാറ്റുകയാണ് ലക്ഷ്യം. എസ്.എഫ്.ഐക്ക് കാമ്പസുകൾ കീഴടക്കാനായത് ഇത്തരം പ്രക്ഷോഭങ്ങൾ ഏറ്റെടുത്തതു കൊണ്ടാണെന്നാണ് യു.ഡി.എഫ് നേതാക്കൾ വിലയിരുത്തുന്നത്. കേരളത്തിൽ ഇടതുപക്ഷ സർക്കാറുകൾ അധികാരത്തിൽ വരുന്നതിനും വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ നിർണ്ണായക പങ്കാണ് വഹിച്ചിരിക്കുന്നത്.

എസ്.എഫ്.ഐ വഴി നിരവധി കേഡർമാരാണ് ഡി.വൈ.എഫ്.ഐയിൽ എത്തിയിരിക്കുന്നത്. സമാനമായ രീതിയിൽ കെ.എസ്.യുവിനും യൂത്ത് കോൺഗ്രസ്സിലേക്ക് സംഭാവന ചെയ്യാൻ കഴിയണമെന്നതാണ് കോൺഗ്രസ്സ് നേതൃത്വം ആഗ്രഹിക്കുന്നത്. ഇക്കാര്യത്തിൽ ശക്തമായ നിർദ്ദേശം നൽകിയിരിക്കുന്നത് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനാണ്. ഗ്രൂപ്പ് താൽപ്പര്യം ഒഴിവാക്കി കെ.എസ്.യുവിനെ ശക്തിപ്പെടുത്തുവാനാണ് അദ്ദേഹം നൽകിയിരിക്കുന്ന നിർദ്ദേശം. കെ.എസ്.യു പ്രവർത്തകരെ സഹായിക്കാൻ പ്രാദേശികമായി കോൺഗ്രസ്സ് ഘടകങ്ങളും ഇനിമുതൽ സഹായങ്ങൾ എത്തിക്കും. ഇതിനും കെ.പി.സി.സി തലത്തിൽ ധാരണയായിട്ടുണ്ട്. യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്ക് ഇതിനായി പ്രത്യേക ചുമതല നൽകാനാണ് തീരുമാനം.

കെ.എസ്.യു കഴിഞ്ഞാൽ യു.ഡി.എഫിലെ പ്രധാന വിദ്യാർത്ഥി സംഘടന എം.എസ്.എഫാണ്.
മുസ്ലീംലീഗ് വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിന് മലബാറിലെ കാമ്പസുകളിലാണ് സ്വാധീനമുള്ളത്. എന്നാൽ എം.എസ്.എഫ് ഉറച്ച കോട്ടയായി കരുതുന്ന മലപ്പുറത്തു പോലും എസ്.എഫ്.ഐ വൻശക്തിയാണ്. യു.ഡി.എഫിലെ മറ്റു ഘടകകക്ഷികളായ കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിൻ്റെയും ആർ.എസ്.പിയുടെയും വിദ്യാർത്ഥി സംഘടനകൾക്ക് ഒരു കാമ്പസിൽ പോലും സ്വാധീനം ഇല്ലന്നതും ഒരു യാഥാർത്ഥ്യമാണ്. ഇതും യു.ഡി.എഫ് നേരിടുന്ന വെല്ലുവിളികളാണ്.

നിലവിൽ കേരളത്തിലെ മുഴുവൻ സർവ്വകലാശാലാ യൂണിയനുകളും ഭരിക്കുന്നത്, എസ്.എഫ്.ഐയാണ്. ബഹുഭൂരിപക്ഷം കാമ്പസുകളും ഇപ്പോഴും എസ്.എഫ്.ഐ ശക്തി കേന്ദ്രങ്ങളാണ്. മറ്റെല്ലാ വിദ്യാർത്ഥി സംഘടനകളും ഒറ്റക്കെട്ടായി മത്സരിച്ചാൽപ്പോലും എസ്.എഫ്.ഐയെ പരാജയപ്പെടുത്താൻ കഴിയുകയില്ല. അത്രയ്ക്കും സ്വാധീനം എസ്.എഫ്.ഐ സംഘടനയ്ക്ക് വിദ്യാർത്ഥികളിലുണ്ട്. കൊണ്ടും കൊടുത്തും നേടിയ കരുത്താണിത്.

എന്തിനേറെ സി.പി.ഐ വിദ്യാർത്ഥി സംഘടനയായ എ.ഐ.എസ്.എഫ് പ്രതിപക്ഷ ചേരിയിൽ മത്സരിച്ചിട്ടു പോലും, എസ്.എഫ്.ഐയെ പരാജയപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇതു തന്നെയാണ് സി.പി.എം നേതൃത്വത്തിന്റെയും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നത്. പ്രതികരണ ശേഷിയുള്ള കേഡർമാരെ ഇടതുപക്ഷത്തിന് സംഭാവന ചെയ്യുന്നതിൽ എസ്.എഫ്.ഐ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഡി.വൈ.എഫ്.ഐയുടെ വളർച്ചയുടെ പ്രധാന സ്രോതസും എസ്.എഫ്.ഐ തന്നെയാണ്.

ഇത്തരത്തിൽ ഒരു സംഘടനാരൂപമാണ് കെ.സുധാകരനും നിലവിൽ ആഗ്രഹിക്കുന്നത്. യൂത്ത് കോൺഗ്രസ്സും കെ.എസ്.യു.വും ശക്തമാക്കാൻ അദ്ദേഹം തന്നെയാണ് താൽപ്പര്യമെടുത്തിരിക്കുന്നത്. വി.ഡി സതീശനും ഇക്കാര്യത്തിൽ ശക്തമായ ഇടപെടലുകളാണ് നടത്തി വരുന്നത്.

സംഘടനാപരമായ തകർച്ചയാണ് കെ.എസ്.യു.വും യൂത്തുകോൺഗ്രസ്സും നേരിടുന്ന വെല്ലുവിളി. ഏതാനും നേതാക്കളുടെ ആൾക്കൂട്ടം മാത്രമായാണ് ഈ രണ്ടു സംഘടനകളും ഇപ്പോൾ മാറിയിരിക്കുന്നത്. ചാനൽ ഷോ നിർത്തി താഴെ തട്ടിലേക്ക് ഇറങ്ങാൻ യുവ തുർക്കികൾ ഇനിയും തയ്യാറായില്ലങ്കിൽ ഉള്ള സ്വാധീനം കൂടിയാണ് ഇല്ലാതാവുക.

ഇക്കാര്യം യൂത്ത് കോൺഗ്രസ്സ് പഠനക്യാംപിൽ പ്രതിനിധികൾ തന്നെയാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. “യുവ ചിന്തൻ ശിബറിൽ” ഷാഫി പറമ്പിലിനെതിരെയാണ് കടുത്ത വിമർശനം ഉയർന്നിരിക്കുന്നത്. കെ.എസ്.യു സംസ്ഥാന നേതൃത്വത്തിനെതിരെയും നിലവിൽ അണികളുടെ രോഷം ശക്തമാണ്. ഇതെല്ലാം പരിഹരിക്കാൻ കെ.പി.സി.സി അദ്ധ്യക്ഷൻ മാത്രം വിചാരിച്ചാൽ നടപ്പുള്ള കാര്യവുമല്ല. ഗ്രൂപ്പ് നേതാക്കൾക്കും ഇക്കാര്യത്തിൽ നിർണ്ണായക റോളാണുള്ളത്. പഴയ പ്രതാപകാലത്തേക്ക് കെ.എസ്.യു പോകണമെന്ന് ആഗ്രഹിക്കുമ്പോഴും അതെങ്ങനെ സംഭവിക്കും എന്ന ചോദ്യത്തിന് കെ.സുധാകരനും വ്യക്തമായ മറുപടിയില്ലന്നതാണ് യാഥാർത്ഥ്യം. എങ്കിലും അദ്ദേഹം ശ്രമങ്ങൾ ഉപേക്ഷിച്ചിട്ടില്ല. ഇപ്പോഴും അതു തുടരുക തന്നെയാണ് ചെയ്യുന്നത്.

EXPRESS KERALA VIEW

Top