സംസ്ഥാനത്ത് ഇന്ന് കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്. യൂണിവേഴ്‌സിറ്റി കോളേജില്‍ എസ് എഫ് ഐ നടത്തിയ അക്രമസംഭവത്തിലും പ്രതികളുടെ പിഎസ്.സി നിയമന തട്ടിപ്പ് ആരോപണത്തിലും പ്രതിഷേധിച്ച് ഇന്നലെ തലസ്ഥാനത്ത് രണ്ടിടത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നതെന്ന് കെ എസ് യു സംസ്ഥാന കമ്മിറ്റി അറിയിച്ചു.

കെഎസ്യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്നലെ സെക്രട്ടേറിയറ്റും പരിസരവും സംഘര്‍ഷഭൂമിയാകുകയായിരുന്നു. പൊലീസും സമരക്കാരും തമ്മില്‍ കനത്ത സംഘര്‍ഷമാണ് നടന്നത്. സമരക്കാര്‍ക്ക് നേരെ പൊലീസ് ടിയര്‍ ഗ്യാസും, ലാത്തിച്ചാര്‍ജും, ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസിന് നേരെ സമരക്കാര്‍ കല്ലും കുപ്പികളും എറിഞ്ഞു.

സംഘര്‍ഷത്തിനിടെ നിരാഹാര സമരം നടത്തിയ സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്ത് അടക്കമുള്ള നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഘര്‍ഷത്തില്‍ നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു.

അതേസമയം, സമരപരിപാടികള്‍ തുടരാനാണ് കെ എസ് യുവിന്റെയും യൂത്ത് കോണ്‍ഗ്രസ്സിന്റെയും തീരുമാനം.

Top