സംസ്ഥാന വ്യാപകമായി നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് കെ.എസ്.യു. ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്ക് നേരെയും കെ.എം.അഭിജിത്തിന് നേരെയും പോലീസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.

കേരള സര്‍വ്വകലാശാല മോഡറേഷന്‍ തട്ടിപ്പിനെതിരെ നടന്ന നിയമസഭാ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പരിക്കേറ്റത്. സംഭവം പരിശോധിക്കാമെന്ന് മന്ത്രി എകെ ബാലന്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന് ഉറപ്പുനല്‍കി.

സമരം സമാധാനപരമായി അവസാനിപ്പിക്കുന്നതിനാണ് താന്‍ പ്രതിഷേധ സ്ഥലത്തേക്ക് എത്തിയതെന്നും എന്നാല്‍ ഒരു പ്രകോപനവുമില്ലാതെ പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതയ്ക്കുകയായിരുന്നുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പ്രവര്‍ത്തകരോട് അറസ്റ്റ് വരിച്ച് സമരം അവസാനിപ്പിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

വാളയാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം എം.ജി, കേരള സര്‍വകലാശാലകളിലെ മാര്‍ക്ക് തട്ടിപ്പുകളില്‍ സ്വതന്ത്ര അന്വേഷണം ഉള്‍പ്പടെ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. മാര്‍ച്ച് നടക്കുന്നതിനിടെ കേരള യൂണിവേഴ്‌സിറ്റി പരീക്ഷ തട്ടിപ്പ് ജില്ല ക്രൈം ബ്രാഞ്ചിന് വിട്ട് ഡി.ജി.പി ഉത്തരവിറക്കിയിരുന്നു.

Top