തരൂരിനെതിരെ കരിഓയില്‍ പ്രയോഗം; ഭീഷണിക്കു മുന്നില്‍ മുട്ട് മടക്കില്ലെന്ന് കെ.എസ്.യു

ksu strike

തിരുവനന്തപുരം: കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഓഫീസിന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ കരിഓയില്‍ പ്രയോഗം അഭിപ്രായ സ്വാതന്ത്രത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് കെ.എസ്.യു.

ജനാധിപത്യത്തില്‍ അഭിപ്രായം പറയാന്‍ ജനങ്ങള്‍ക്ക് സ്വാതന്ത്രമുണ്ടെന്നും, അത്തരത്തില്‍ അഭിപ്രായം പറയുന്നവര്‍ക്കു നേരെ കൈയേറ്റം നടത്തുന്നത് ജനാധിപത്യധ്വംസനമാണെന്നും കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് പറഞ്ഞു.

ഇത്തരം ഭീഷണിക്കു മുന്നില്‍ കോണ്‍ഗ്രസ് മുട്ട് മടക്കില്ലെന്നും, ബിജെപിയുടെ ഫാസിസ്റ്റ് നടപടികളെ കേരളത്തിലെ ജനങ്ങള്‍ അപ്പാടെ തള്ളികളയുമെന്നും, ഈ കിരാത നടപടിക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ചു നില്‍ക്കണമെന്നും അഭിജിത്ത് വ്യക്തമാക്കി.

നേരത്തെ, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ രംഗത്തു വന്നിരുന്നു.

പ്രതികരിക്കേണ്ടത് ഇങ്ങനെയല്ലെന്നും ഇത് ഭയപ്പെടുത്താനുള്ള ശ്രമം മാത്രമാണെന്നും വായ മൂടിക്കെട്ടാന്‍ മാത്രമാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. അതേസമയം, താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ശശി തരൂര്‍ വ്യക്തമാക്കി.

ശശി തരൂരിന്റെ ഹിന്ദു പാക്കിസ്ഥാന്‍ പരമാര്‍ശത്തിനെതിരെയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. തരൂര്‍ പരാമര്‍ശം പിന്‍വലിച്ച് കൊണ്ട് മാപ്പ് പറയണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യമുന്നയിക്കുന്നത്.

Top