ഷൂ ഏറ്; കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതെന്ന് KSU

കൊച്ചി: നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ KSU. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതെന്ന് KSU. അത്തരം പ്രസ്താവന നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകരുതെന്ന് KSU സംസ്ഥാന വൈസ് പ്രസിഡന്റ് എം ജെ യദു കൃഷ്ണന്‍ പറഞ്ഞു.

ജനാധിപത്യപരമായി സമരം നടത്തിയ KSU പ്രവര്‍ത്തകരെ സിപിഐഎം ക്രിമിനല്‍ സംഘം വളഞ്ഞിട്ട് അക്രമിക്കുന്നതിരെയുള്ള സ്വാഭാവിക രോഷ പ്രകടനം മാത്രമാണ് പെരുമ്പാവൂരില്‍ ഉടലെടുത്തതെന്ന് യദു കൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന വ്യാപകമായി ഈ സമര രീതി തുടരണമെന്ന തീരുമാനം KSU വിനില്ല. എന്നാല്‍ ഇത്തരം സമര രൂപത്തിലേക്ക് പ്രവര്‍ത്തകരെ എത്തിച്ചത് സിപിഐഎം തന്നെയാണ് എന്നും യദു കൃഷ്ണന്‍.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിന്റെ ചില്ല് എറിഞ്ഞു തകര്‍ത്ത് നെറ്റി മുറിച്ചപ്പോള്‍ ഉണ്ടാകാത്ത ഒരു വൈകാരിക പ്രതികരണവും ഇതിനോട് കാട്ടേണ്ടതില്ലെന്നും യദു കൃഷ്ണന്‍ പറഞ്ഞു. പെരുമ്പാവൂരില്‍ വെച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ KSU പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. സ്ഥലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും KSU പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

Top