കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവിനെ കരിങ്കൊടി കാണിക്കാന്‍ എത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വയനാട്: കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവിനെ കരിങ്കൊടി കാണിക്കാന്‍ എത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കലക്ടറേറ്റിന്റെ മുന്നിലായിരുന്നു കരിങ്കൊടി കാണിക്കാന്‍ നീക്കം. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അഡ്വ ഗൗതം ഗോകുല്‍ദാസ് അടക്കമുള്ളവരാണ് അറസ്റ്റിലായത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ പൊടിമറ്റത്തില്‍, ഔട്ട് റീച് സെല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വിനീഷ്, കല്‍പ്പറ്റ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ആല്‍ഫന്‍ അമ്പാറയില്‍ തുടങ്ങിയവരും അറസ്റ്റിലായി.

വന്യമൃഗ ആക്രമണത്തില്‍ രണ്ടാഴ്ചയ്ക്കിടെ മൂന്ന് പേര്‍ കൊല്ലപ്പെടുകയും തുടര്‍ന്ന് വന്‍ ജനകീയ പ്രക്ഷോഭവും അക്രമവും അരങ്ങേറിയതിന് പിന്നാലെയാണ് കേന്ദ്ര വനംമന്ത്രി വയനാട്ടില്‍ സന്ദര്‍ശനത്തിനെത്തിയത്. കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനം അനൗദ്യോഗികമാണെന്നും മന്ത്രി വന്നത് നല്ല കാര്യമെന്നും എന്നാല്‍ കൂടിക്കാഴ്ചയില്ലെന്നും സംസ്ഥാന ധനമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

വയനാട്ടില്‍ ബേലൂര്‍ മഗ്‌ന മിഷന്‍ തുടരുമെന്ന് സംസ്ഥാന ധനമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വന അതിര്‍ത്തിക്ക് പുറത്ത് എത്തിയാല്‍ മാത്രമേ വെടിവെയ്ക്കാന്‍ കഴിയൂ. ആനയുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നു. കോടതിയുടെ നിലപാടില്‍ അയവ് വന്നിട്ടുണ്ടെന്നും കോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരമാണ് നടപടികള്‍ സ്വീകരിക്കുന്നതെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും സംസ്ഥാനത്തിന് ചട്ട പ്രകാരം മാത്രമെ തീരുമാനം എടുക്കാന്‍ കഴിയൂവെന്നും ചട്ടങ്ങളില്‍ ഇളവ് വരുത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും മന്ത്രി വ്യക്തമാക്കി.

Top