KSRTC ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി മാസം ആദ്യം തന്നെ കൊടുക്കാന്‍ ശ്രമിക്കും; കെ ബി ഗണേഷ് കുമാര്‍

കൊല്ലം: ചെലവുകള്‍ നിയന്ത്രിച്ച് ആധുനികവത്കരണത്തിലൂടെ കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ചെലവുകള്‍ നിയന്ത്രിച്ച് ആധുനികവത്കരണം സാധ്യമായ തോതില്‍ നടപ്പിലാക്കി പൊതുഗതാഗത സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമവും ലാഭകരമാക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പുതുതായി നിര്‍മിച്ച ഓഫീസ് മുറിയുടെയും ജീവനക്കാര്‍ക്കായുള്ള വിശ്രമമുറിയുടെയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും കാലോചിതസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ഗതാഗത വകുപ്പിന്റെ പ്രഥമ പരിഗണന. ഇനി സ്റ്റേ ബസുകള്‍ അനുവദിക്കുന്നത് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും താമസ സൗകര്യം ഉള്‍പ്പടെ പഞ്ചായത്തോ റെസിഡന്‍സ് അസ്സോസിയേഷനുകളോ നല്‍കുന്ന സ്ഥലങ്ങളില്‍ മാത്രം ആയിരിക്കും. ജീവനക്കാരുടെ ക്ഷേമത്തിനാണ് മുന്‍ഗണന. കഴിഞ്ഞ ഏഴര വര്‍ഷക്കാലവും പ്രതിമാസം 40 കോടി ശമ്പള ഇനത്തിലും 72 കോടി പെന്‍ഷന്‍ ഇനത്തിലും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കിയതിന്റെ പശ്ചാത്തലവും മറ്റൊന്നല്ല. അര്‍ഹതപ്പെട്ട നികുതി വിഹിതം നിഷേധിക്കപ്പെടുന്നതും വരവിനേക്കാള്‍ കൂടുതല്‍ ചിലവ് ഉണ്ടാകുന്നതുമാണ് പ്രതിസന്ധിയെന്ന് മന്ത്രി പറഞ്ഞു.

എന്നാല്‍ ഈ സാമ്പത്തിക ഞെരുക്കങ്ങള്‍ക്ക് ഇടയിലും കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡു ആയി മാസാദ്യം നല്‍കാന്‍ ഉള്ള വഴികളാണ് കണ്ടെത്താന്‍ ശ്രമിക്കുന്നത്. അതിനായി ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സഹകരണം ആവശ്യമാണ്. ചിലവുകള്‍ ചുരുക്കാനും പാഴ്ച്ചിലവുകള്‍ ചൂണ്ടികാട്ടാനും ഉള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ സദാ സന്നദ്ധമാണ് ഗതാഗത വകുപ്പ് എന്നും മന്ത്രി വ്യക്തമാക്കി.

കൊല്ലം ബസ്സ്റ്റാന്‍ഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. സംസ്ഥാനത്തുടനീളം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റുകളും ഡിപ്പോകളും കമ്പ്യൂട്ടര്‍ വത്കരിച്ച് ആധുനീകരിക്കും. ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാനം പ്രാദേശിക റൂട്ടുകള്‍ ഫോര്‍മുലേറ്റ് ചെയുന്ന ചര്‍ച്ചകള്‍ നടക്കുകയാണ്. അതുവഴി ചെറു വഴികളില്‍ ചെറു ബസുകള്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് പ്രയോജനകരമാക്കാം. സംരംഭകത്വം വളര്‍ത്തുക എന്നുള്ള പൊതുസര്‍ക്കാര്‍ ലക്ഷ്യത്തിലേക്ക് എത്താനുമാകുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

Top