പരീക്ഷ കേന്ദ്രങ്ങളിലേക്ക് കെഎസ്‌ആര്‍ടിസി കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തും

ksrtc

തിരുവനന്തപുരം ; ഈ മാസം 16 മുതല്‍ 18 വരെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല നടത്തുന്ന പൊതു പ്രവേശന പരീക്ഷ (CAT 2021) സംസ്ഥാനത്തിലുടനീളവും, യുപിഎസി നടത്തുന്ന ഐഇഎസ്/ ഐഎസ്‌എസ് , എഞ്ചിനീയറിംഗ് സര്‍വ്വീസ് എന്നിവയുടെ പൊതു പരീക്ഷ തിരുവനന്തപുരത്തും, കൊച്ചിയിലും വെച്ച്‌ നടക്കുന്ന സാഹചര്യങ്ങളില്‍ പരീക്ഷ എഴുതാന്‍ എത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി കെഎസ്‌ആര്‍ടിസി കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തും.

ഇരു പരീക്ഷകളും ഉള്ള ദിവസങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നിശ്ചിത സമയത്തിന് വളരെ നേരത്തെ തന്നെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എത്തേണ്ടതുണ്ട്. അതിനാല്‍ ഈ സമയത്ത് യാത്രാക്കാരുടെ തിരക്ക് വര്‍ദ്ധിക്കാനുള്ള മുന്‍കൂട്ടിയുള്ള സാധ്യത കണ്ട് പരീക്ഷാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം ആവശ്യമായ ക്രമീകരണങ്ങള്‍ കെഎസ്‌ആര്‍ടിസി സംസ്ഥാനത്തുടനീളം നടത്തിയിട്ടുണ്ട്.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലേക്ക് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട യൂണിറ്റുകളില്‍ നിന്നും കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തും. കൂടാതെ തിരുവനന്തപുരത്തേക്കും കൂടുതല്‍ ദീര്‍ഘ ദൂര സര്‍വ്വീസുകളും നടത്തും. കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ ഉള്ളപക്ഷം ബോണ്ട് സര്‍വ്വീസ് ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍കൂട്ടി ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും കെഎസ്‌ആര്‍ടിസി ഒരുക്കിയിട്ടുണ്ട്.

ബസ്സുകളുടെ സമയ വിവരവും ടിക്കറ്റുകളും www.online.keralartc.com എന്ന വെബ് സൈറ്റിലുകയും ‘Ente KSRTC’ എന്ന മൊബൈല്‍ ആപ്പിലൂടെയും മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാവുന്നതാണ്.

Top