എന്റെ പിതൃസ്ഥാനത്താണ് നിങ്ങള്‍, മറക്കില്ല; നല്ല മനസുകളുടെ വിയോഗത്തില്‍ കരളുരുകി കവിത

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഡ്രൈവര്‍ ടി.ഡി. ഗിരീഷിനും കണ്ടക്ടര്‍ ബൈജുവിനും ആദരാഞ്ജലികളും നന്ദിയും രേഖപ്പെടുത്തി ഡോ.കവിതാ വാര്യര്‍. ഇന്ന് കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് അവിനാശിയിലെ വാഹനാപകടമാണ്. കൂട്ടത്തില്‍ കവിതയും.

ഈ വാഹനാപകടവുമായി കവിതയ്ക്ക് യാതൊരു ബന്ധവുമില്ല, എന്നാല്‍ മരിച്ച ഡ്രൈവറേയും കണ്ടക്ടറേയും ഈ ഡോക്ടര്‍ക്ക് മറക്കാന്‍ കഴിയില്ല. 2018-ല്‍ എറണാകുളം-ബാംഗളൂര്‍ യാത്രക്കിടെ തന്റെ ജീവന്‍ രക്ഷിച്ച രണ്ട് നല്ല മനസുകളായിരുന്നു ഗിരീഷും ബൈജുവും. അന്നത്തെ യാത്രക്കിടെ കവിതയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് വാഹനം തിരിച്ച് വിട്ട് കവിതയെ ആശുപത്രിയില്‍ എത്തിക്കുകയും ബന്ധുക്കള്‍ എത്തുന്നത് വരെ ഇരുവരും കൂട്ട് നില്‍ക്കുകയും ചെയ്തു.

ഈ സംഭവം വാര്‍ത്തയായതോടെ യാത്രക്കാരിയുടെ ജീവന്‍ രക്ഷിച്ചതിന് ഇവര്‍ക്ക് മികച്ച സേവനത്തിലുള്ള അംഗീകാരവും ലഭിച്ചിരുന്നു. ഇന്ന് കോയമ്പത്തൂരില്‍ വെച്ചുണ്ടായ അപകടത്തില്‍ ഇരുവരും കൊല്ലപ്പെട്ട വാര്‍ത്ത വന്നപ്പോള്‍ മലയാളികളുടെ മനസില്‍ ആദ്യം ഓടിയെത്തിയത് 2018ലെ സംഭവമായിരുന്നു.

ഈ വാര്‍ത്ത തനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നെന്നാണ് തൃശ്ശൂര്‍ സ്വദേശിനിയായ കവിത പറയുന്നത്. ‘അവര്‍ നമ്മളെ വിട്ടുപോയതില്‍ ഞാന്‍ അതീവ ദുഃഖിതയാണ്. എന്റെ ജീവിതത്തില്‍ സഫലമായ പിതൃസ്ഥാനം സമ്മാനിച്ചതില്‍ ഞാന്‍ ദൈവത്തിനു കടപ്പെട്ടിരിക്കുന്നു. ആ ദിവസം എന്റെ ജീവന്‍ രക്ഷിച്ചത് അദ്ദേഹമാണ്. ബൈജു, ഗിരീഷ് അങ്കിള്‍, നന്ദി. നിങ്ങളെന്റെ ജീവന്‍ രക്ഷിച്ചു. നിങ്ങളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.’ കവിത ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

Top