കെഎസ്ആര്‍ടിസി ഗ്രാമവണ്ടി ഇനി തൃശ്ശൂര്‍ ജില്ലയിലും

തിരുവനന്തപുരം: കെഎസ്ആർടിസി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിക്കുന്ന ​ഗ്രാമവണ്ടി പദ്ധതിയുടെ രണ്ടാമത്തെ ബസ് സർവ്വീസ് തൃശ്ശൂർ ജില്ലയിൽ ഈ മാസം 19 ന് തുടക്കം കുറിക്കും.​ ഗ്രാമവണ്ടി പദ്ധതിയുടെ തൃശ്ശൂർ ജില്ലയിലെ ഔദ്യോ​ഗിക ഉദ്ഘാടനം പൂവ്വത്തൂർ ബസ് സ്റ്റാന്‍ഡില്‍ സംസ്ഥാന ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്‍റണി രാജു നിര്‍വ്വഹിക്കും.

കെഎസ്ആർടിസി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പൊതു​ഗതാ​ഗത സൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും, ​ഗ്രാമപ്രദേശങ്ങളിലേക്കും, സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന മേഖലകളിലേക്കും പൊതു ​ഗതാ​ഗത സൗകര്യം ലഭ്യമാക്കുന്നതിന് ആരംഭിക്കുന്ന പ്രത്യേക കെഎസ്ആർടിസി ബസ് സർവ്വീസാണ് ​ഗ്രാമവണ്ടി പദ്ധതി.

ഉൾപ്രദേശങ്ങളിലേക്ക് ഇന്ധന ചിലവിന് പോലും വരുമാനമില്ലാത്ത സർവ്വീസുകളാണ് ​ഗ്രാമവണ്ടി സർവ്വീസ് ആക്കി മാറ്റുന്നത്. ഈ സർവ്വീസ് നടത്തുന്ന ഈ ബസുകൾക്ക് ഡീസലോ, അതിന് വേണ്ടിയുളള തുകയോ മാത്രം തദ്ദേശ സ്ഥാപനങ്ങൾ നൽകിയാൽ മതിയാകും. ​ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാർക്കിം​ഗ് ,സുരക്ഷ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, വാഹനം, ജീവനക്കാരുടെ ശമ്പളം, മെയിന്‍റനന്‍സ്,സ്പെയർപാർടുസുകൾ, ഇൻഷ്വറൻസ് എന്നിവയുടെ ചിലവ് കെഎസ്ആർടിസിയും വഹിക്കും.

തദ്ദേശ സ്ഥാപനങ്ങൾക്ക് പുറമെ, സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ​ഗ്രാമവണ്ടി ബസുകൾ സ്പോൺസർ ചെയ്യാനാകും. സ്പോൺസൺ ചെയ്യുന്നവരുടെ പരസ്യങ്ങൾ ബസുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും. മലപ്പുറം ജില്ലയിലെ എടവണ്ണ, ആലപ്പുഴയിലെ പത്തിയൂർ, കോഴിക്കോട് ചാത്തമംഗലം എന്നിവടങ്ങളിലും ഉടൻ തന്നെ ​ഗ്രമാവണ്ടി സർവ്വീസുകൾ ആരംഭിക്കും.

Top