തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ യൂണിയനുകളും പെന്ഷന് സംഘടനകളും സുശീല്‍ ഖന്ന റിപ്പോര്‍ട്ട് സമയ ബന്ധിതമായി നടപ്പാക്കുന്നതിന് വേണ്ടി ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്.
മന്ത്രിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പൂര്‍ണ പെന്ഷന് ലഭിക്കാതെ ഇപ്പോള്‍ ഏതാണ്ട് അഞ്ച് മാസത്തെ കുടിശികയായിട്ടുണ്ട്. ഇത് പെന്ഷന് ആശ്രയിച്ചു ജീവിക്കുന്നവര്ക്കുണ്ടാക്കുന്ന പ്രയാസം പൂര്‍ണമായും മനസ്സിലാക്കുന്നു. ഇപ്പോള്‍ പെന്ഷന് മാത്രമല്ല കെ.എസ്.ആര്.ടി.സിയുടെ ശമ്പളവും സര്‍ക്കാര്‍ നല്‍കണമെന്നതാണ് ആവശ്യം.
കഴിഞ്ഞ ഒരു കൊല്ലമായി ശമ്പളത്തിനും പെന്‍ഷനും വേണ്ട പണം ഒന്നുങ്കില്‍ സര്‍ക്കാര്‍ നല്കുന്നു. അല്ലെങ്കില്‍ സര്‍ക്കാര്‍ ഗാരണ്ടിയില്‍ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ നിന്നും വായ്പ തരപ്പെടുത്തി കൊടുക്കുന്നു. ഈ രീതി അധിക കാലം മുന്നോട്ടു പോകില്ല. ഇത് അനിവാര്യമായ പതനത്തിലേക്കു ആ സ്ഥാപനത്തെ എത്തിക്കുമെന്നും മന്ത്രി കുറിച്ചു.
കെ.എസ്.ആര്.ടി.സിയ്ക്ക് സ്വന്തം വരുമാനത്തില്‍ നിന്നും ശമ്പളവും പെന്‍ഷനും നല്‍കാനുള്ള പ്രാപ്തി എങ്ങനെ ഉണ്ടാക്കാം എന്നതാണ് വെല്ലുവിളി. ഇതിനു സഹായിക്കുന്ന ഒരു പരിപാടി സുശീല്‍ഖന്ന റിപ്പോര്‍ട്ടില്‍ ഉണ്ടെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജില്‍ കൂട്ടിച്ചേര്‍ത്തു.