എട്ട് മണിക്കൂർ ഡ്യൂട്ടിയെ അംഗീകരിക്കൂവെന്ന് ടിഡിഎഫ്, മറ്റന്നാൾ വീണ്ടും ചർച്ച

തിരുവനന്തപുരം : സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും കെഎസ്ആർടിസി യൂണിയനുകളും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനമായില്ല. മൂന്നുമണിക്കൂർ നീണ്ട ചർച്ചയിൽ എട്ട് മണിക്കൂർ ഡ്യൂട്ടി മാത്രമേ അംഗീകരിക്കൂവെന്നും പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്നും കോൺഗ്രസ് അനുകൂല പ്രതിപക്ഷ സംഘടനയായ ടിഡിഎഫ് അറിയിച്ചു. സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണ വിഷയത്തിൽ മറ്റന്നാൾ മൂന്ന് മണിക്ക് വീണ്ടും ചർച്ച നടത്താനും തീരുമാനമായി.

അതേ സമയം, ആരോഗ്യപരമായ ചർച്ചയായിരുന്നു നടന്നതെന്നും, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിൽ വ്യാജ പ്രചരണമാണ് നക്കുന്നതെന്നുമാണ് സിഐടിയു പ്രതികരണം. ഓർഡിനറി ഷെഡ്യൂളുകൾ വർധിപ്പിച്ചു കൊണ്ടാണ് ഡ്യൂട്ടി പരിഷ്ക്കരണം നടപ്പാക്കുകയെന്നും സിഐടിയു പ്രതിനിധി വിശദീകരിച്ചു.

ആഴ്ചയിൽ 6 ദിവസവും 12 മണിക്കൂർ സിംബിൾ ഡ്യൂട്ടി നടപ്പാക്കൽ, അക്കൗണ്ട്സ് വിഭാഗം ജീവനക്കാരുടെ ഓഫീസ് സമയ മാറ്റം, ഓപ്പറേഷൻ വിഭാഗം ജീവനക്കാരുടെ കളക്ഷൻ ഇൻസെന്റീവ് പാറ്റേൺ പരിഷ്കരണം അടക്കമുള്ള കാര്യങ്ങളാണ് ചർച്ചയായത്. ഒക്ടോബർ 1 മുതൽ ഘട്ടം ഭട്ടമായി പരിഷ്കരണ നടപടികൾ നടപ്പാക്കിത്തുടങ്ങാനാണ് മാനേജ്മെന്റ് തീരുമാനം. എന്നാൽ സിഐടിയു ഒഴികെയുള്ള യൂണിയനുകൾ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിൽ അടക്കം പ്രത്യക്ഷമായി എതിർപ്പ് അറിയിച്ചതോടെയാണ് പ്രതിസന്ധിയായത്.

Top