കെ.എസ്.ആർ.ടി.സിയെ നന്നാക്കാൻ നോക്കിയാൽ ഒരിക്കലും നടക്കില്ല ! !

കെ.എസ്.ആര്‍.ടി.സി എന്ന വെള്ളാനയെ പരിക്കേല്‍പ്പിക്കുന്നതില്‍ വലിയപങ്ക് വഹിക്കുന്നത് ആ സ്ഥാപനത്തിലെ ഒരു വിഭാഗം ജീവനക്കാര്‍ തന്നെയാണ്. വ്യക്തമായി പറഞ്ഞാല്‍, ചില യൂണിയന്‍ നേതാക്കളുടെ ധിക്കാരപരമായ സമീപനമാണ് മഹത്തായ ഈ സ്ഥാപനത്തെ ഇപ്പോള്‍ വലിയ തകര്‍ച്ചയിലേക്ക് നയിച്ച് കൊണ്ടിരിക്കുന്നത്. വരുന്ന എം.ഡിമാരെയെല്ലാം പുകച്ച് പുറത്ത് ചാടിക്കുന്നതിലും യൂണിയന്‍ നേതാക്കള്‍ക്ക് വലിയ പങ്കാണുള്ളത്. ഒടുവിലായി എത്തിയ ബിജു പ്രഭാകറിനെയാണ് ഇപ്പോള്‍ പുറത്താക്കാന്‍ ശ്രമം നടക്കുന്നത്. അതിനു വേണ്ടിയാണ് കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിഷേധ കൊടി ഉയര്‍ത്തിയിരിക്കുന്നത്. ഇതൊരിക്കലും അംഗീകരിച്ച് കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകരുത്. അഴിമതി നടത്തിയവരെയും ജോലി എടുക്കാതെ ഉഴപ്പുന്നവരെയും ഒരു സ്ഥാപനത്തിലും വച്ച് പൊറുപ്പിക്കുവാന്‍ സാധിക്കുകയില്ല.

ആത്മാര്‍ത്ഥതയും പരസ്പര ബഹുമാനവും നഷ്ടപ്പെടുന്നിടത്ത് അരാജകത്വമാണ് വാഴുക. കെ.എസ്.ആര്‍.ടി.സിയിലെ ഇപ്പോഴത്തെ അവസ്ഥയും അരാജകത്വത്തിന് തുല്യമാണ്. ട്രേഡ് യൂണിയനുകള്‍ക്ക് കര്‍ശന പെരുമാറ്റ ചട്ടം കൊണ്ടുവരേണ്ട കാലം തന്നെ അതിക്രമിച്ചു കഴിഞ്ഞു. ഇതിന് മുന്‍പ് കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി യൂണിയന്‍ നേതാക്കളുടെ കോപത്തിന് ഇരയായിരുന്നത് ഐ.പി.എസ് ഓഫീസറായ ടോമിന്‍ തച്ചങ്കരിയാണ്. പൊലീസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ അടുത്ത് യൂണിയന്‍ നേതാക്കളുടെ പൊടിക്കൈ ഏല്‍ക്കാതിരുന്നതിനാല്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണ് തച്ചങ്കരിയെ മാറ്റിയിരുന്നത്. തച്ചങ്കരിയെ മാറ്റാന്‍ മുഖ്യമന്ത്രിക്ക് തീരെ താല്‍പ്പര്യം ഇല്ലായിരുന്നു എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

കെ.എസ്.ആര്‍.ടി.സിയിലെ യൂണിയന്‍ നേതാക്കള്‍ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളെയാണ് കാലാ കാലങ്ങളായി തെറ്റിധരിപ്പിക്കുന്നത്. അതിനു ശേഷമാണ് എം.ഡിമാരെ തെറിപ്പിക്കുന്നത്. തച്ചങ്കരിയുടെ അവസ്ഥ ഐ.എ.എസ് ഓഫീസറായിരുന്ന ബിജു പ്രഭാകറിന് ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാറാണ് ഏറെ ജാഗ്രത പുലര്‍ത്തേണ്ടത്. കാല്‍ നൂറ്റാണ്ടിനിടെ സ്വന്തം വരുമാനത്തില്‍ നിന്നും ജീവനക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സി ശമ്പളം കൊടുത്തിരുന്നത് തന്നെ തച്ചങ്കരിയുടെ കാലത്താണ്. 2018 ഏപ്രില്‍ 16ന് കെ.എസ്.ആര്‍.ടി.സി എം.ഡിയായി ചുമതലയേറ്റ തച്ചങ്കരി തുടക്കം മുതല്‍ സ്വീകരിച്ചു വന്ന നടപടികളില്‍ ജീവനക്കാരും യാത്രക്കാരും പൊതുജനങ്ങളും ഏറെ സംതൃപ്തരായിരുന്നെങ്കിലും, ‘കുലം കുത്തികളായ’ യൂണിയന്‍ നേതാക്കള്‍ അതൃപ്തരായിരുന്നു.

 

തച്ചങ്കരി കൊണ്ടുവന്ന പരിഷ്‌ക്കരണങ്ങള്‍ കെ.എസ്.ആര്‍.ടി.സി അടക്കി ഭരിച്ചിരുന്ന യൂണിയനുകളുടെ കണ്ണിലെ കരടാക്കിയാണ് അദ്ദേഹത്തെ മാറ്റിയിരുന്നത്. ഇതോടെയാണ് തച്ചങ്കരിയെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയിരുന്നത്. എന്നാല്‍, തച്ചങ്കരിയെ മാറ്റിയതില്‍ പറ്റിയ തെറ്റ്, ബിജു പ്രഭാകറിന്റെ കാര്യത്തില്‍ ഇനി ആവര്‍ത്തിക്കില്ലന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളും ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെഎസ്ആര്‍ടിസിയില്‍ 100 കോടിയിലേറെ രൂപ ചെലവഴിച്ചത് സംബന്ധിച്ച് കണക്കില്ലെന്ന അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കൃത്യമായി കണക്ക് സൂക്ഷിക്കാതെ നടന്ന ഇടപാടുകള്‍ക്ക് പിന്നില്‍ സാമ്പത്തിക തിരിമറി ഉണ്ടോയെന്ന് സംശയിക്കുന്നതായി ധനകാര്യ അഡീഷണല്‍ സെക്രട്ടറിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ബിജു പ്രഭാകറിന്റെ ആരോപണത്തെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണിത്.

സംഭവത്തില്‍, ക്രമക്കേട് നടന്ന കാലയളവില്‍ അക്കൗണ്ട്സ് മാനേജരായിരുന്ന കെ എം ശ്രീകുമാറിനെയാണ് എം.ഡി നേരിട്ട് ഇടപെട്ട് സ്ഥലം മാറ്റിയിരിക്കുന്നത്. ചീഫ് ഓഫീസിലെ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫീസറുടെ ചുമതലയില്‍ നിന്ന് സെന്‍ട്രല്‍ സോണിലെ ഭരണവിഭാഗത്തിലേക്കാണ് അദ്ദേഹത്തെ മാറ്റിയിരിക്കുന്നത്. 2010-11, 11-12, 12–13 വര്‍ഷത്തെ വാര്‍ഷിക കണക്കുകള്‍ പരിശോധിച്ചപ്പോഴാണ്, കോടികളുടെ തിരിമറി പുറത്തായിരിക്കുന്നത്. കാഷ് ബുക്കില്‍ കൃത്യമായി കണക്ക് രേഖപ്പെടുത്താതെ കോടികള്‍ കൈകാര്യം ചെയ്തത് ഗുരുതരമായ കൃത്യവിലോപമാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ധനകാര്യ അഡീഷണല്‍ സെക്രട്ടറി അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ധനകാര്യ വിഭാഗത്തിന്റെ 2012-15 കാലഘട്ടത്തിലെ ധനവിനിയോഗത്തിലെ പരിശോധനാ റിപ്പോര്‍ട്ടില്‍ മാത്രം 100 കോടി 75 ലക്ഷം രൂപയുടെ കണക്കാണ് അക്കൗണ്ടില്‍ രേഖപ്പെടുത്താത്തതായി കണ്ടെത്തിയിരിക്കുന്നത്. ഈ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ആര്‍.ടി.സി എംഡിയായ ബിജു പ്രഭാകര്‍ അക്കൗണ്ട് ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

ksrtc

 

അക്കൗണ്ട് ഓഫീസറുള്‍പ്പെടെ, ഉത്തരവാദിത്വപ്പെട്ട പോസ്റ്റുകളിലിരിക്കുന്ന ഓഫീസര്‍മാരുടെ വീഴ്ചയാണ് കണക്ക് രേഖപ്പെടുത്തുന്നതില്‍ പിഴവ് വരുത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ചിരിക്കുന്നത്. ബാങ്ക്, ട്രഷറി ഇടപാടുകളുടെ രേഖകളും സൂക്ഷിച്ചിരുന്നില്ല. ഇതൊന്നും രേഖപ്പെടുത്താതെ മനപ്പൂര്‍വ്വം ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് ധനകാര്യവകുപ്പ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. അന്വേഷണം നടത്തണമെന്ന ശുപാര്‍ശയോടെയാണ് റിപ്പോര്‍ട്ട് അവസാനിപ്പിച്ചിരിക്കുന്നത്. ബിജുപ്രഭാകര്‍ പരസ്യമായി ഉന്നയിച്ച പലകാര്യങ്ങളും ശരിവെക്കുന്ന ശുപാര്‍ശകളും കണ്ടെത്തലുകളുമാണ് റിപ്പോര്‍ട്ടിലുള്‍പ്പെട്ടത് എന്നത് യൂണിയന്‍ നേതാക്കളെയും ഞെട്ടിച്ചിട്ടുണ്ട്. അക്കൗണ്ട്സ് ഓഫീസറുടെ ചുമതല വഹിച്ചിരുന്ന ശ്രീകുമാറിനെ എറണാകുളത്തെ സോണല്‍ ഓഫീസിലേക്ക് മാറ്റിയതാണ് ചില യൂണിയനുകളെ ഇപ്പോള്‍ ചൊടിപ്പിച്ചിരിക്കുന്നത്.

 

ബിജുപ്രഭാകറിനെതിരേ കോണ്‍ഗ്രസ്സ് യൂണിയനാണ് ആദ്യം രംഗത്ത് വന്നിരുന്നത്. അവര്‍ എം.ഡിയുടെ ഓഫീസിലേക്ക് മാര്‍ച്ചും നടത്തുകയുണ്ടായി. ശ്രീകുമാറിനു പുറമെ കുറ്റക്കാരായ മറ്റാളുകള്‍, തത്സ്ഥാനങ്ങളില്‍ നിന്ന് നിലവില്‍ വിരമിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരേ ആഭ്യന്തര തലത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ധന്യകാര്യ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടാനാണ് ബിജുപ്രഭാകറിന്റെ തീരുമാനം. പ്രതിഷേധമൊന്നും കാര്യമാക്കുന്നില്ലന്നും ശക്തമായ നടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി.യെ നന്നാക്കാമെന്ന് ആത്മവിശ്വാസമുണ്ടെന്നും ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും തുറന്ന് പറയുന്ന ബിജുപ്രഭാകര്‍ ആക്ഷേപിച്ചത് കൊണ്ടിട്ടുണ്ടെങ്കില്‍, അത് കാട്ടുകള്ളന്മാര്‍ക്കാണെന്നും തുറന്നടിച്ചിട്ടുണ്ട്. തീര്‍ച്ചയായും കയ്യടിച്ച് അഭിനന്ദിക്കേണ്ട നിലപാട് തന്നെയാണിത്.

Top