ഒരു ദിവസം കെ.എസ്.ആര്‍.ടി.സിയ്ക്ക് നഷ്ടം 60 ലക്ഷം; കേന്ദ്രത്തിന്റെ സഹായം തേടി സംസ്ഥാനം

തിരുവനന്തപുരം: പൊതുഗതാഗതം പുനരാരംഭിച്ച ശേഷം സര്‍വീസ് ആരംഭിച്ച കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നഷ്ടത്തില്‍. തിങ്കളാഴ്ചത്തെ സര്‍വീസില്‍ അറുപത് ലക്ഷം രൂപയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടായത്.നിലവില്‍ നഷ്ടത്തിലുള്ള കെഎസ്ആര്‍ടിസിയെ സംബന്ധിച്ചിടത്തോളം ദിവസം അറുപത് ലക്ഷം രൂപയുടെ അടുത്തുണ്ടാകുന്ന നഷ്ടം കൂടി താങ്ങാനാവില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് കോര്‍പറേഷന്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഔദ്യോഗികമായി കേന്ദ്ര ഗതാഗതവകുപ്പിനെ സമീപിക്കാനും സംസ്ഥാന ഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

വ്യാഴാഴ്ച കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തുകയും കൂടുതല്‍ കിലോമീറ്ററുകള്‍ ഓടുകയും ചെയ്തിരുന്നു. ഇന്നലെ 1432 സര്‍വീസുകള്‍ നടത്തിയപ്പോള്‍ ആകെ ബസ് ഓടിയത് 2,41,223 കിലോമീറ്ററുകളാണ്. വ്യാഴാഴ്ചത്തെ ആകെ നഷ്ടം ഏകദേശം 51 ലക്ഷത്തിന് മുകളിലാണ്.

ഒരു കിലോമീറ്റര്‍ നഷ്ടമില്ലാതെ സര്‍വീസ് നടത്തണമെങ്കില്‍ 45 രൂപയെങ്കിലും വേണം. എന്നാല്‍ ഇന്നലെ കിലോമീറ്ററിന് ലഭിച്ചത് 23.25 പൈസ മാത്രമാണ്. 22 രൂപയിലധികം നഷ്ടമാണ് ഒരു കിലോമീറ്ററില്‍ ഇന്നലെ കെഎസ്ആര്‍ടിസിക്ക് നേരിടേണ്ടിവന്നത്. സാമൂഹിക അകലം പാലിച്ചുകൊണ്ട് ബസില്‍ പകുതി യാത്രക്കാരെ വെച്ച് സര്‍വീസ് നടത്തേണ്ടിവരുന്ന ഈ സാഹചര്യത്തില്‍ ഈ നഷ്ടം കെ.എസ്.ആര്‍.ടി.സി പ്രതീക്ഷിക്കുന്നത് തന്നെയാണ്.

Top