പോപ്പുലര്‍ ഫ്രണ്ട് 5.06 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കെഎസ്ആർടിസി

കൊച്ചി: ഹർത്താൽ പ്രഖ്യാപിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി. 5 കോടി 6 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതുടര്‍ന്നുണ്ടായ അക്രമത്തില്‍ 58 ബസുകളാണ് തകർക്കപ്പെട്ടത്. 10 ജീവനക്കാർക്ക് പരിക്കേറ്റു. ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ്.കക്ഷി ചേരാൻ കെഎസ്ആര്‍ടിസി ഹർജി നൽകിയത്.

കെഎസ്ആർടിസിയിൽ ശമ്പളം വൈകിയപ്പോൾ സമരത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നവരാണ് കെഎസ്ആർടിസിക്ക് ഭീമമായ നഷ്ടമുണ്ടാക്കിയതെന്ന് ഹർജിയിൽ കുറ്റപ്പെടുത്തി. ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഈ ഫോട്ടോകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

പോപ്പുലർ ഫ്രണ്ട് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ 309 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1404 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കിയെന്നും പൊലീസ് അറിയിച്ചു.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 34 കേസുകളാണ് മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തത്. 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത കോട്ടയത്ത് 215 പേരെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. കണ്ണൂര്‍ സിറ്റിയില്‍ മാത്രം 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

Top