പ്രതിസന്ധികളെ അതിജീവിച്ച് കെഎസ്ആർടിസി

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് കെഎസ്ആർടിസി. യാത്രക്കാരുടെ എണ്ണവും വരുമാനവും കൂടി. ആഗസ്‌തിൽ 21.65 കോടി മാത്രമായിരുന്ന വരുമാനം നവംബറിൽ 62.68 കോടിയായി ഉയർന്നു. ആഗസ്‌തിൽ 99 ലക്ഷം യാത്രക്കാരായിരുന്നത്‌ നവംബറിൽ 2.31 കോടിയായി.ബസ്‌ ഓൺ ഡിമാൻഡ്‌ സർവീസും അൺലിമിറ്റഡ്‌ ഓർഡിനറി സർവീസും ജനങ്ങളെ ആകർഷിച്ചു. ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചും മത്സര പരീക്ഷകൾക്കായും പ്രത്യേക സർവീസ്‌ നടത്തുന്നുണ്ട്‌.

കെഎസ്‌ആർടിസി ലോജിസ്‌റ്റിക്‌സ്‌, ഫുഡ്‌ ട്രക്ക്‌ പദ്ധതി, കുടുംബശ്രീയുടെ പിങ്ക്‌ കഫേ തുടങ്ങിയവയും ശ്രദ്ധേയമാണ്‌. സീറ്റ്‌ റിസർവേഷനായി എന്റെ കെഎസ്‌ആർടിസി എന്ന മൊബൈൽ ആപ്പിനും രൂപം നൽകി. സെപ്‌തംബറിൽ 37.02 കോടിയും ഒക്‌ടോബറിൽ 47.47 കോടിയുമാണ്‌ പ്രതിമാസ വരുമാനം. വൈവിധ്യമാർന്ന സർവീസ് ഓപ്പറേഷൻ രീതികളിലൂടെ കെഎസ്ആർടിസിക്ക്‌ പുതുജീവൻ നൽകുന്ന മാനേജ്‌മെന്റിനെയും ജീവനക്കാരെയും അഭിനന്ദിക്കുന്നതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

Top