ksrtc strike

ksrtc

തിരുവനന്തപുരം: ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ പ്രതിഷേധം ശക്തം. പല ജില്ലകളിലും ജീവനക്കാര്‍ പണിമുടക്കി. കെ.എസ്.ആര്‍.ടി.സിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ കൂട്ടത്തോടെ അവധിയെടുത്തു.

കെഎസ്ആര്‍ടിസിക്ക് 93 ഡിപ്പോകളും അഞ്ച് റീജയണല്‍ വര്‍ക്ക്‌ഷോപ്പുകളുമാണുള്ളത്. ഇതില്‍ 32 ഡിപ്പോകളില്‍ മാത്രമാണ് ശമ്പളം ലഭിച്ചത്. പല റീജിയണല്‍ വര്‍ക്ക്‌ഷോപ്പുകളിലും ശമ്പളം കിട്ടിയിട്ടില്ല.

അതുകൊണ്ട് തന്നെ എല്ലാസ്ഥലത്തും ജീവനക്കാര്‍ പല തരത്തിലുള്ള സമരമുറ സ്വീകരിച്ചിരിക്കുകയാണ്. ചിലയിടത്ത് നിരാഹാരസമരവും മറ്റ് ചിലയിടത്ത് ജോലിയില്‍ കയറാതെയുമാണ് സമരം നടത്തുന്നത്.

ഈ സമരങ്ങളെല്ലാം തന്നെ ഭൂരിഭാഗം സര്‍വീസുകളേയും ബാധിച്ചിരിക്കുകയാണ്.

കൊല്ലം ജില്ലയില്‍ എല്ലാ തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കൊല്ലത്തെ എല്ലാ സര്‍വീസും മുടങ്ങിയിരിക്കുകയാണ്.

കോഴിക്കോട് താമരശ്ശേരി ഡിപ്പോയില്‍ ജീവനക്കാര്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി.തൊഴിലാളികള്‍ സംയുക്തമായി ജോലിയില്‍നിന്നു വിട്ടുനില്‍ക്കുകയാണ്. കൊട്ടാരക്കര, പത്തനാപുരം, നെയ്യാറ്റിന്‍കര, തിരുവല്ല ഡിപ്പോകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.

തലശ്ശേരി ഡിപ്പോയുടെ ഗേറ്റ് തൊഴിലാളികള്‍ ബലമായി അടപ്പിച്ചു. മിക്ക ഡിപ്പോകളില്‍നിന്നും ദീര്‍ഘദൂര ബസുകള്‍ തടസ്സപ്പെട്ടു. ജീവനക്കാര്‍ ജോലിക്കു കയറാതെ അവധിയില്‍ പ്രവേശിക്കുകയാണ്.

തിരുവനന്തപുരം ജില്ലയിലെ 21 യൂണിറ്റുകളില്‍ മാത്രമാണ് ശമ്പളം നല്‍കിയത്. കെ.എസ്.ആര്‍.ടി.സി.യുടെ കൈവശം 22 കോടി രൂപ മാത്രമാണുണ്ടായിരുന്നത്. ഈ തുക വിതരണം ചെയ്യാന്‍ തിങ്കളാഴ്ച നിര്‍ദേശിച്ചിരുന്നു. മറ്റു ഡിപ്പോകളിലെ ജീവനക്കാര്‍ക്കും ശമ്പളം നല്‍കണമെങ്കില്‍ 50 കോടി രൂപ വേണ്ടിവരും.

പതിവുപോലെ വിവിധ ധനകാര്യസ്ഥാപനങ്ങളെ വായ്പയ്ക്കായി സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. എം.ഡി.യും ജനറല്‍മാനേജരും സ്ഥാനമൊഴിഞ്ഞതിനാല്‍ ശമ്പളത്തുക കണ്ടെത്തേണ്ട ചുമതല കെ.എസ്.ആര്‍.ടി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്കാണ്.

ഈ മാസം 15 ന് പെന്‍ഷന്‍ നല്‍കണം. ഇതിനായി 27.5 കോടി രൂപ വേറെവേണം. സ്ഥാപനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നിത്യവരുമാനം അഞ്ചേമുക്കാല്‍ കോടിയില്‍ നിന്ന് നാലേകാല്‍ കോടിയായി കുറയുകയും ചെയ്തു. പ്രതിമാസ നഷ്ടം 110 കോടി രൂപയാണ്.

എല്ലാ മാസവും അവസാനപ്രവൃത്തിദിനത്തില്‍ ശമ്പളം നല്‍കുന്ന പതിവാണ് തെറ്റിയത്. യു.ഡി.എഫ്. സര്‍ക്കാര്‍ നിയമിച്ച എം.ഡി.യെയും ജനറല്‍ മാനേജരെയും കഴിഞ്ഞ ദിവസമാണ് മാറ്റിയത്.

പകരം എം.ജി. രാജമാണിക്യത്തെ എം.ഡി.യായി നിയമിച്ചു. അദ്ദേഹം സ്ഥാനമേറ്റിട്ടില്ല. ഇതുകൊണ്ട് തന്നെ ഭരണതലപ്പത്ത് ഒരു തീരുമാനം എടുക്കാന്‍ വൈകുന്നതും ശമ്പളം നല്‍കാന്‍ താമസിക്കുന്നതിന് കാരണമാകുന്നുവെന്നും ചൂണ്ടികാണിക്കപ്പെടുന്നുണ്ട്.

2823.42 കോടി രൂപയുടെ ബാധ്യതയാണ് വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി കെ.എസ്.ആര്‍.ടി.സി.ക്കുള്ളത്. 548 കോടി രൂപ സര്‍ക്കാര്‍ വായ്പയും ഉണ്ട്.
കെ.എസ്.ആര്‍.ടി.സി.യിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെണമെന്ന് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എം.ജി. രാഹുല്‍ ആവശ്യപ്പെട്ടു.

Top