കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം നാളെ പണിമുടക്കും

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾക്കായി കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ നാളെ പണിമുടക്കും. പ്രതിപക്ഷാനുകൂല തൊഴിലാളി സംഘടനയായ ട്രാന്‍സ്പോര്‍ട്ട് ഡെമാക്രാറ്റിക് ഫെഡറേഷന്‍റെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുക. സര്‍വ്വീസുകള്‍ മുടങ്ങുന്ന സമരരീതി ഉപേക്ഷിക്കണമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ ആവശ്യപ്പെടുകയും ചെയ്തു.

രണ്ടുകൊല്ലം കൊണ്ട് കെഎസ്ആര്‍ടിസിയെ ലാഭത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ഇടതു മുന്നണി, സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിച്ചുവെന്നാണ് ആക്ഷേപം. അതോടൊപ്പം ശമ്പള പരിഷ്ക്കരണം നടപ്പിലായില്ല, ഡിഎ കുടശ്ശിക നല്‍കിയിട്ടില്ല തുടങ്ങിയ ആവശ്യങ്ങളാണ് സമരാനുകൂലികൾ ഉന്നയിക്കുന്നത്.

പണിമുടക്കിന് ഡയസ്നോണ്‍ ബാധകമാക്കി കെഎസ്ആര്‍ടിസി ഉത്തരവിറിക്കിയിട്ടുണ്ട്. സിഐടിയു, എഐടിയുസി , ബിഎംഎസ് എന്നിവയുടെ ആഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. അതുകൊണ്ടു തന്നെ സര്‍വ്വീസുകള്‍ വ്യാപകമായി മുടങ്ങുന്ന സാഹചര്യമുണ്ടാകില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ.

Top