കെഎസ്ആര്‍ടിസിയുടെ മിന്നല്‍ സമരം ; കോഴിക്കോടും കണ്ണൂരും സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

തിരുവനന്തപുരം: റിസര്‍വേഷന്‍ ജോലികള്‍ കുടുംബശ്രീയെ ഏല്‍പ്പിച്ചതിനെതിരെ കെഎസ്ആര്‍ടിസിയുടെ മിന്നല്‍ സമരം. സംസ്ഥാന വ്യാപകമായിട്ടാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ സമരം നടത്തുന്നത്. തിരുവനന്തപുരത്തും കോഴിക്കോടും കണ്ണൂരും ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കോഴിക്കോടും ഡിപ്പോയില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചു.

അതേസമയം, കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരിശീലനം മാറ്റിവെച്ചെന്ന് ടോമിന്‍ തച്ചങ്കരി പറഞ്ഞു. എന്നാല്‍, കുടുംബശ്രീ അംഗങ്ങളെ റിസര്‍വേഷന്‍ കൗണ്ടര്‍ ജോലി ഏല്‍പിക്കില്ലെന്ന് രേഖാമൂലം എഴുതി നല്‍കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇന്ന് തൊഴില്‍ഗതാഗത മന്ത്രിമാരുമായി തൊഴിലാളി യൂണിയനുകള്‍ ചര്‍ച്ച നടത്തും.

ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറിന് മുന്നില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജീവനക്കാരുടെ ഉപരോധത്തിനിടെ സംഘര്‍ഷമുണ്ടായി. പൊലീസും തൊഴിലാളികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

Top