സംസ്ഥാനത്ത് നാളെ മുതല്‍ കെ.എസ്.ആര്‍.ടിസി ഹ്രസ്വദൂര സര്‍വ്വീസ് നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ കെ.എസ്.ആര്‍.ടിസി ഹ്രസ്വദൂര സര്‍വ്വീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍.

അതേസമയം, സ്വകാര്യ ബസുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും നിരക്ക് കൂട്ടിയാലും ബസ് ഓടിക്കില്ലെന്ന നിലപാട് മാറ്റണമെന്നും സ്വകാര്യ ബസ് ഉടമകള്‍ സാഹചര്യം മനസിലാക്കി പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ.എസ്.ആര്‍.ടിസി നാളെ മുതല്‍ പരമാവധി ഹ്രസ്വദൂര സര്‍വ്വീസ് നടത്തും. എന്നാല്‍ സര്‍വ്വീസ് നടത്തണോ വേണ്ടയോ എന്ന് സ്വകാര്യ ബസുകളാണ് തീരുമാനിക്കേണ്ടതെന്നും എല്ലാക്കാലത്തേക്കും അങ്ങനെ ഒരു നിലപാട് സ്വീകരിക്കാന്‍ കഴിയുമോ എന്ന് അവരാണ് ആലോചിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ബസുകള്‍ ഓടിക്കാന്‍ പാടില്ലെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചത്. അത് പറഞ്ഞിരുന്നില്ലെങ്കില്‍ ഈ ബുദ്ധിമുട്ടുകള്‍ നിലനിര്‍ത്തിക്കൊണ്ട് അവര്‍ സര്‍വ്വീസ് നടത്തുമായിരുന്നില്ലേയെന്നും മന്ത്രി ചോദിച്ചു.

അതേസമയം, അവര്‍ പണിമുടക്ക് പ്രഖ്യാപിച്ചതല്ല എന്ന വസ്തുത സ്വകാര്യ ബസ് ഉടമകളും അവരുടെ കുടെയുള്ളവരും മനസിലാക്കണമെന്നും അത് മനസിലാക്കി സര്‍ക്കാരിനോട് സഹകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ ബസ് ഉടമകളുടെ ബുദ്ധിമുട്ട് മനസിലാക്കിയാണ് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്. മൂന്ന് മാസക്കാലത്തേക്ക് നികുതി അടക്കേണ്ടതില്ല എന്ന തീരുമാനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ആ ഇനത്തില് മാത്രം സര്‍ക്കാരിന് 36 കോടിയുടെ വരുമാന നഷ്ടമാണുണ്ടാകുന്നത്. സ്വകാര്യ ബസ് ഉടമകള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ കാണുമെന്നാണ് വിചാരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top