കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; തിരുവനന്തപുരത്ത് 35 സര്‍വ്വീസുകള്‍ മുടങ്ങി

തിരുവനന്തപുരം: സുപ്രീം കോടതി അനുവദിച്ച സമയം കഴിഞ്ഞതിനാല്‍ 2,108 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമായി. പ്രതിസന്ധി പരിഹരിക്കാന്‍ ഗതാഗതസെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരും.

ഇന്നു രാവിലെ മാത്രം നൂറിലധികം സര്‍വീസുകള്‍ മുടങ്ങി. തെക്കന്‍ കേരളത്തിലാണ് പ്രതിസന്ധി ഏറെ ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 35 സര്‍വീസുകളാണ് റദ്ദാക്കിയത്. കൊല്ലം കൊട്ടാരക്കര ഡിപ്പോകളിലും സര്‍വ്വീസ് മുടങ്ങി. വടക്കന്‍ കേരളത്തില്‍ ആകെ 50 സര്‍വ്വീസുകള്‍ തടസപ്പെട്ടു. കാസര്‍കോട് നിന്നുള്ള 9 അന്തര്‍സംസ്ഥാന സര്‍വ്വീസുകളും മുടങ്ങിയവയില്‍പെടുന്നു

അതേസമയം പ്രതിസന്ധി മധ്യകേരളത്തെ കാര്യമായി ബാധിച്ചിട്ടില്ല. അവധിയിലുള്ളവര്‍ കൂടി ജോലിയില്‍ തിരികെ പ്രവേശിച്ചാല്‍ പ്രതിസന്ധി എറണാകുളം ഡിപ്പോയെ ബാധിക്കില്ലെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ഇന്ന് പതിവിലേറെ തിരക്കിന് സാധ്യതയുള്ളതിനാല്‍ അവധി റദ്ദാക്കി ജോലിയിലെത്താന്‍ സ്ഥിരം ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

Top