തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നാളെ മുതല്‍

തിരുവനന്തപുരം: ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി നാളെ മുതല്‍ തമിഴ്‌നാട്ടിലേക്ക് സര്‍വ്വീസ് ആരംഭിക്കും. കൊവിഡ് വ്യാപന സമയത്ത് അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ച ശേഷം കര്‍ണ്ണാടകത്തിലേക്ക് സര്‍വ്വീസുകള്‍ക്ക് അനുമതി ലഭിച്ചുവെങ്കിലും തമിഴ്‌നാട് ഇത് വരെയും അനുമതി നല്‍കിയിരുന്നില്ല.

തുടര്‍ന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയക്കുകയും മന്ത്രി ആന്റണി രാജു ഡിസംബര്‍ ആറിന് തമിഴ്‌നാട് ഗതാഗത മന്ത്രിയോട് ചര്‍ച്ച നടത്താനിരിക്കെയാണ് തമിഴ്‌നാട് അനുമതി നല്‍കിയത്.

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ചും സാധാരണക്കാരുടെ യാത്രാ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചും ബസ് സര്‍വ്വീസുകള്‍ പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിലവില്‍ തമിഴ്‌നാട് ബസ് സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചത്. ഈ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി തമിഴ്‌നാട്ടിലേക്ക് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്.

Top