കെഎസ്ആര്‍ടിസിയില്‍ അറുന്നൂറിലധികം സര്‍വീസുകള്‍ മുടങ്ങി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചു വിട്ടതിലെ പ്രതിസന്ധി ഇന്നും തുടരുന്നു. സംസ്ഥാനത്ത് ഇന്നും അറുന്നൂറിലധികം സര്‍വീസുകള്‍ മുടങ്ങി.

ഇന്നലെ 998 സര്‍വ്വീസുകളാണ് സംസ്ഥാനത്ത് മുടങ്ങിയത്. തിരുവനന്തപുരം മേഖലയില്‍ 350 സര്‍വീസും എറണാകുളം മേഖലയില്‍ 448 സര്‍വീസും കോഴിക്കോട് മേഖലയില്‍ 104 സര്‍വീസുമാണ് ഇന്നലെ റദ്ദാക്കിയത്.

താത്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതോടെയാണ് ഇത്രയധികം സര്‍വ്വീസുകള്‍ ഇന്നലെ മുടങ്ങിയത്.പിഎസ്സി ലിസ്റ്റില്‍ നിന്ന് നിയമനം കിട്ടിയ കണ്ടക്ടര്‍മാര്‍ക്കുള്ള പരിശീലനം അതത് ഡിപ്പോകളില്‍ നടക്കും.

പരിശീലനത്തിനു ശേഷം ഇവരെ എത്രയും പെട്ടെന്ന് ബസുകളിലേക്ക് നിയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് ഒരു മാസത്തേക്ക് താത്കാലിക ലൈസന്‍സ് അനുവദിക്കും.

അതേസമയം പിരിച്ചുവിട്ട എംപാനലുകാരുടെ ലോങ് മാര്‍ച്ച് ഇന്ന് രാവിലെ ചാത്തന്നൂരില്‍ നിന്ന് ആരംഭിച്ച് കൊല്ലം ജില്ലയില്‍ തന്നെ പര്യടനം തുടരും. 23ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കുന്ന മാര്‍ച്ച് 24ന് രാവിലെ സെക്രട്ടറിയേറ്റിന് മുന്നില്‍ സമാപിക്കും.

Top