കെഎസ്ആര്‍ടിസി അഴിമതി; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

kerala hc

കൊച്ചി: സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയില്‍ 100 കോടി രൂപയുടെ അഴിമതി നടന്നുവെന്ന എംഡി ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സര്‍ക്കാരിനോടും കെഎസ്ആര്‍ടിസിയോടും ഹര്‍ജിയില്‍ കോടതി വിശദീകരണം തേടി.

കഴിഞ്ഞ ദിവസമാണ് എംഡി ബിജു പ്രഭാകര്‍ കോര്‍പ്പറേഷനിലെ 100 കോടിയുടെ അഴിമതി പുറത്തു പറഞ്ഞത്. മുന്‍ അക്കൗണ്ട്‌സ് മാനേജര്‍ ശ്രീകുമാറിന്റെ പേരെടുത്ത് പറഞ്ഞായിരുന്നു ആരോപണം. എംഡിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്തെ കെഎസ്ആര്‍ടിസി സൂപ്പര്‍ വൈസര്‍ ജൂഡ് ജോസഫ് എന്നയാളാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

കോര്‍പ്പറേഷന്‍ ഓഡിറ്റിംഗില്‍ കണ്ടെത്തിയ കാര്യം ഗൗരവമുള്ളതാണെന്നും അഴിമതിയില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ഡിജിപിയോട് നിര്‍ദ്ദേശിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഹര്‍ജി പരിഗണിക്കുന്നതിനിടെ ഇത്തരം ഹര്‍ജികള്‍ പൊതുതാത്പര്യ ഹര്‍ജികളായിട്ടാണ് സമര്‍പ്പിക്കേണ്ടതെന്ന് കോടതി ഹര്‍ജിക്കാരനെ ഓര്‍മിപ്പിച്ചു.

 

Top