വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം; കണ്‍സെഷന്‍ റദ്ദാക്കില്ലെന്ന് കെ.എസ്.ആര്‍.ടി.സി

തിരുവന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നിരക്കില്‍ തുടര്‍ന്നും യാത്ര ചെയ്യാമെന്ന് കെഎസ്ആര്‍ടിസി. പുതുതായി കണ്‍സെഷന്‍ അനുവദിക്കില്ലെന്ന് കെഎസ്ആര്‍ടിസി നിലപാടെടുത്തിരുന്നു. ഇതിനെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി. നടപടി പിന്‍വലിച്ചത്.

കെ.എസ്‌.യു പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയിലാണ് കണ്‍സെഷന്‍ പുതുതായി അനുവദിക്കാമെന്ന തീരുമാനമുണ്ടായത്. കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ ഓഫീസ് വിദ്യാര്‍ത്ഥി സംഘടനകള്‍ ഉപരോധിച്ചു. എം.എസ്.എഫ് പ്രവര്‍ത്തകര്‍ ആണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

തുടര്‍ന്ന് കെ.എസ്.യു, എസ്.എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ സമര രംഗത്തേക്ക് വരികയായിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു കെ.എസ്.യു വിന്റെ പ്രതിഷേധം. പ്രതിഷേധത്തെത്തുടര്‍ന്ന് കണ്‍സഷന്‍ തുടരുമെന്ന് എം.ഡി ഉറപ്പു നല്‍കിയതായി കെ.എസ്.യു അറിയിച്ചു.

സര്‍വ്വീസുകള്‍ വെട്ടിക്കുറയ്ക്കുകയും എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടുകയും ചെയ്തതോടെ കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇനി കണ്‍സെഷന്‍ അനുവദിക്കേണ്ടതില്ലെന്ന് കെഎസ്ആര്‍ടിസി തീരുമാനിച്ചത്.

Top