തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള വിതരണം ഇന്നു മുതൽ. 45 കോടി ഓവർ ഡ്രാഫ്റ്റ് എടുക്കും. കെഎസ് അർടിസിയുടെ പക്കലുള്ള ഏഴ് കോടിയുടെ ഫണ്ട് കൂടി ഉപയോഗിച്ചാകും ശമ്പളവിതരണം നടത്തുക. സർക്കാർ അനുവദിച്ച 30 കോടി ഇന്ന് അക്കൗണ്ടിലെത്തിയാൽ രാത്രിയോടെ ശമ്പള വിതരണം പൂർത്തിയാക്കാൻ കഴിയും. ഡ്രൈവർ കണ്ടക്ടർ വിഭാഗത്തിന് എന്തായാലും ഇന്ന് തന്നെ ശമ്പള വിതരണം ഉറപ്പാക്കും.
84 കോടിയിലേറെയാണ് ശമ്പള വിതരണത്തിനാവശ്യമായുള്ളത്. ബാക്കി തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് കെഎസ്ആർടിസി. ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് സിഐടിയും ആഭിമുഖ്യത്തിലുള്ള യൂണിയൻ, ചീഫ് ഓഫീസിന് മുന്നിൽ റിലേ നിരാഹാര സമരം തുടരുകയാണ്. ഐഎൻടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് മുതൽ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങും. ബിഎംഎസ് ഇന്ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. മാനേജ്മെന്റ നടത്തുന്ന ചർച്ചയിൽ ശമ്പളം വൈകുന്നത് പ്രധാനവിഷയമാക്കാനാണ് യൂണിയനുകളുടെ തീരുമാനം. ഇടതുമുന്നണി സർക്കാർ അധികാരത്തിലേറിയതിനു ശേഷം ഇതാദ്യമായാണ് കെഎസ്ആർടിസി ജീവനക്കാർ ശമ്പളം കിട്ടാതെ വിഷുവും ഈസ്റ്ററും ആഘോഷിച്ചത്. സർക്കാർ 30 കോടി അനുവദിച്ചെങ്കിലും തുടർച്ചയായ ബാങ്ക് അവധി മൂലം അത് കെഎസ്ആർടിസി അക്കൗണ്ടിലെത്താതിരുന്നതോടെയാണ് ശമ്പളവിതരണം തടസപ്പെട്ടത്.