കെഎസ്‌ആര്‍ടിസി പുനരുദ്ധാരണം; ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നും വായ്പ ലഭിക്കാന്‍ മുഖ്യമന്ത്രി കരാറില്‍ ഒപ്പുവെച്ചു

pinarayi

തിരുവനന്തപുരം: കെഎസ്ആര്‍ടിസി നവീകരണത്തിന്റെ ഭാഗമായി ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നും 3100 കോടി രൂപ വായ്പ ലഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കരാര്‍ ഒപ്പിട്ടു. കെഎസ്ആര്‍ടിസിയെ കരകയറ്റാനുള്ള സര്‍ക്കാറിന്റെ ദൃഢനിശ്ചയവും ഇടപെടലും ആണ് വായ്പ ലഭ്യമാക്കുന്നതിലേക്ക് എത്തിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സുശീല്‍ഖന്ന റിപ്പോര്‍ട്ടിലെ പ്രധാനനിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച് കെഎസ്ആര്‍ടിസിയിലെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുകയാണ് ലക്ഷ്യം . മാനേജ്മെന്റും ജീവനക്കാരും ഒറ്റമനസോടെ രംഗത്തിറങ്ങിയാല്‍ കെഎസ്ആര്‍ടിസിക്ക് പ്രഖ്യാപിതലക്ഷ്യം കൈവരിക്കാനാകും. അതിനായി സര്‍ക്കാരും ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കുറഞ്ഞ പലിശ, തിരിച്ചടവിന് കൂടുതല്‍ കാലയളവ് എന്നിവയാണ് ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നും ലഭിക്കുന്ന വായ്പയുടെ പ്രത്യേകത . നിലവിലുള്ള വായ്പയുടെ പലിശനിരക്ക് 12 ശതമാനമായിരുന്നെങ്കില്‍ പുതിയ വായ്പയ്ക്ക് ഒമ്പത് ശതമാനമാണ് പലിശ. 20 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയും ഉണ്ട്. നിലവില്‍ മൂന്നു കോടി രൂപയായിരുന്ന പ്രതിദിനവായ്പാ തിരിച്ചടവ് 96 ലക്ഷമായി കുറയും.

എസ്ബിഐ, വിജയ ബാങ്ക്, കനറാ ബാങ്ക് എന്നിവര്‍ക്കൊപ്പം കെടിഡിഎഫ്സിയും കണ്‍സോര്‍ഷ്യത്തിലുണ്ട്. എസ്ബിഐ 1000 കോടിയും വിജയ, കനറാ ബാങ്കുകള്‍ 500 കോടിവീതവും കെടിഡിഎഫ്സി 1100 കോടിയുമാണ് നല്‍കുക.

Top