കെഎസ്ആര്‍ടിസി:ജൂലൈ വരെയുള്ള പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍

കൊച്ചി: വിരമിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ജൂലൈ വരെയുള്ള 600 കോടി രൂപയോളം പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയില്‍ അറിയിച്ചു.

നാലുമാസത്തെ കുടിശ്ശികയടക്കമുള്ള തുകയാണിതെന്നും പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് ധാരണപത്രം ഒപ്പിടുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പെന്‍ഷന്‍ ലഭിക്കാത്തത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ക്കുള്ള മറുപടിയിലാണ് സര്‍ക്കാറിന്റെ വിശദീകരണം.

ബാങ്കില്‍ അക്കൗണ്ട് എടുപ്പിച്ച് അതിലൂടെയാകും പെന്‍ഷന്‍ നല്‍കുകയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. ഈ മാസം ഏഴിന് മുഖ്യമന്ത്രിയടക്കം പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പുതിയ തീരുമാനം എങ്ങനെ നടപ്പാക്കുമെന്നത് നടപടിക്രമങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലത്തിലൂടെ സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

പെന്‍ഷന്‍ കുടിശ്ശിക മാര്‍ച്ചിനുമുമ്ബ് നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനമുള്ളതായി അഡീഷനല്‍ സെക്രട്ടറി എസ്. മാലതി സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയെ പുനഃസംഘടിപ്പിക്കുന്നത് പഠിക്കാന്‍ നിയമിച്ച പ്രഫ. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച വിവിധ നടപടികളടക്കമാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

എസ്.ബി.െഎയുടെ നേതൃത്വത്തില്‍ കണ്‍സോര്‍ട്യം രൂപവത്കരണത്തിന് നടപടി സ്വീകരിക്കുന്നുണ്ട്. ഇതിനുശേഷം പെന്‍ഷനും ശമ്ബളവും സമയത്തിന് നല്‍കാവുന്ന രീതിയിലേക്ക് കെ.എസ്.ആര്‍.ടി.സി മാറുമെന്നാണ് പ്രതീക്ഷ. സാമ്പത്തിക പുനഃസംഘടനപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെയും ഒരു ഡെപ്യൂട്ടി ജനറല്‍ മാനേജറെയും നിയമിച്ചതായും സത്യവാങ്മൂലത്തില്‍ പറയുന്നു.

അതിരൂക്ഷ പ്രതിസന്ധിക്കിടയില്‍ പെന്‍ഷന് പ്രത്യേകം തുക മാറ്റിവെക്കുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും കോര്‍പറേഷന്‍ അടച്ചുപൂട്ടാന്‍ കാരണമാകുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Top