വനിതാ ജീവനകാര്‍ക്ക് ചെല്‍ഡ് കെയര്‍ അലവന്‍സ്; കെഎസ്ആര്‍ടിസി ശമ്പളക്കരാര്‍ ഒപ്പ് വെച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പുതിയ ശമ്പളപരിഷ്‌ക്കരണക്കരാര്‍ ഒപ്പുവച്ചു. ഇനി മുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് 23,000 രൂപയാണ് കുറഞ്ഞ ശമ്പളം. പുതുക്കിയ ശമ്പളം ഫെബ്രുവരി മുതല്‍ കിട്ടും. പെന്‍ഷന്‍ പരിഷ്‌ക്കരണം ഉടന്‍ നടപ്പാക്കണമെന്ന് ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ സിഐടിയു ആവശ്യപ്പെട്ടു.

2016ല്‍ നടപ്പാക്കേണ്ട ശമ്പളപരിഷ്‌ക്കരണമാണ് കെഎസ്ആര്‍ടിയില്‍ നടപ്പാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പുതുക്കിയ ശമ്പളസ്‌കെയില്‍ ആയ 23,000 – 105300 എന്നതാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെയും മാസ്റ്റര്‍ സ്‌കെയില്‍.

എല്ലാ വനിതാജീവനക്കാര്‍ക്കും നിലവിലുള്ള പ്രസവാവധിക്ക് പുറമേ ഒരു വര്‍ഷക്കാലത്തേക്ക് ശമ്പളമില്ലാത്ത അവധി കൂടി അനുവദിച്ചു. ഈ കാലയളവില്‍ 5000 രൂപ നല്‍കും. ഒരു വര്‍ഷം കുറഞ്ഞത് 190 ഡ്യൂട്ടി ചെയ്യാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടില്ല. കഴിഞ്ഞ ജൂണ്‍ മുതല്‍ മുന്‍കാല പ്രാബല്യത്തിലാണ് നടപ്പാക്കുന്നതെങ്കിലും കുടിശ്ശിക സാമ്പത്തികപ്രതിസന്ധി പരിഹരിക്കുമ്പോള്‍ മാത്രമേ നല്‍കൂ.

13% ഡിഎ അടിസ്ഥാനശമ്പളത്തോടൊപ്പം ലയിപ്പിച്ചു. പ്രതിമാസം 20 ഡ്യൂട്ടി ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് ഒരു ഡ്യൂട്ടിക്ക് 50 രൂപ വീതവും 20ല്‍ കൂടുതല്‍ ഡ്യൂട്ടിക്ക് ഓരോ ഡ്യൂട്ടിക്കും 100 രൂപയും അധികം നല്‍കും. പരമാവധി ഓര്‍ഡിനറി ഫാസ്റ്റ് ബസ്സുകള്‍ സ്‌റ്റേ ബസ്സുകളാക്കും.

കരാര്‍ ഒപ്പിടുന്ന വേദിയില്‍ തന്നെ പെന്‍ഷന്‍കാരുടെ വേതന പരിഷ്‌ക്കരണം ഉടന്‍ നടപ്പാക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. ഐഎന്‍ടിയുസി നേതാവ് തമ്പാനൂര്‍ രവിയും ഇക്കാര്യം ഉന്നയിച്ചു. ചര്‍ച്ച നടത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു മറുപടി നല്‍കുകയും ചെയ്തു.

Top