നാട്ടുകാര്‍ സാക്ഷ്യപത്രം കൊണ്ടുവരട്ടെ, എന്നിട്ടാകാം സര്‍വ്വീസെന്ന് കെഎസ്ആര്‍ടിസി

പാലക്കാട്: പ്രളയ ദുരിതത്തിന് പിന്നാലെ അധികൃതരുടെ അവഗണനയില്‍ നെല്ലിയാമ്പതി. റോഡുകള്‍ ഗതാഗതയോഗ്യമാക്കിയിട്ടും നെല്ലിയാമ്പതി മേഖലയിലെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് ഇന്നും അറുതിയില്ല. നിലച്ച കെസ്ആര്‍ടിസി സര്‍വ്വീസുകള്‍ പുനരാരംഭിക്കണമെങ്കില്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്ന് സാക്ഷ്യപ്പത്രം വാങ്ങി നാട്ടുകാര്‍ നേരിട്ട് നല്‍കണമെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്.

മഹാപ്രളയത്തില്‍ പാലക്കാട് നെല്ലിയാമ്പതി ഒറ്റപ്പെട്ടതും പിന്നീട് അവിടെ നിന്ന് അതിജീവിച്ചതുമെല്ലാം ചരിത്രമായിരുന്നു. എന്നാല്‍ അതിജീവനത്തിനുശേഷവും നാടിനെ ദുരിതത്തിലാക്കുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. പ്രത്യേകിച്ച്, ഗതാഗതവകുപ്പിന്റെ ഭാഗത്ത് നിന്ന്. ഈ നാടിന്റെ ഏക ആശ്രയമായിരുന്നു കെഎഎസ്ആര്‍ടിസി സര്‍വ്വീസുകള്‍. ദിവസേന നാല് കെഎസ്ആര്‍ടിസി ബസുകളാണ് നെല്ലിയാമ്പതിയിലേക്ക് സര്‍വ്വീസ് നടത്തിയിരുന്നത്. എന്നാല്‍ പ്രളയത്തിനുശേഷം ഈ സര്‍വ്വീസുകള്‍ ഒന്നും തന്നെ ഇന്ന് പുനരാരംഭിക്കാത്തതാണ് ഈ മേഖലയെ വീണ്ടും ദുരിതത്തിലാക്കുന്നത്.

നിലവില്‍ ഒരു സ്വകാര്യ ബസ് മാത്രമാണ് രാവിലെയും വൈകിട്ടുമായി രണ്ട് സര്‍വ്വീസുകള്‍ നടത്തുന്നത്. പ്രളയത്തിനു ശേഷം തകര്‍ന്ന റോഡുകളൊക്കെ പൊതുമരാമത്ത് വകുപ്പ് പുനര്‍നിര്‍മ്മിച്ചു നല്‍കിയെങ്കിലും റോഡ് സഞ്ചാരയോഗ്യമാണെന്ന് കാണിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ സാക്ഷ്യപ്പത്രം ലഭിച്ചാല്‍ മാത്രമേ സര്‍വ്വീസ് നടത്താന്‍ സാധിക്കുകയുള്ളുവെന്ന വാദമാണ് കെഎസ്ആര്‍ടിസി ഉന്നയിക്കുന്നത്.

ksrtc

ദളിത് വിഭാഗങ്ങള്‍ അടക്കം തിങ്ങിപാര്‍ക്കുന്ന നെല്ലിയാമ്പതി മേഖലയിലെ ജനങ്ങള്‍ 38 കിലോമീറ്റര്‍ ജീപ്പില്‍ സഞ്ചരിച്ച് നെന്മാറ ടൗണിലെത്തിയാണ് ആവശ്യസാധനങ്ങള്‍ വാങ്ങി മടങ്ങുന്നത്. വരുമാനത്തിന്റെ നല്ലൊരു പങ്ക് ഇങ്ങനെ ഗതാഗതത്തിന് മാത്രമായി പോകുകയാണെന്നും ഇവര്‍ പറയുന്നു.

അതേസമയം പ്രളയത്തെ അതിജീവിച്ച നാടിന്റെ ആവശ്യം കെഎസ്ആര്‍ടിസി എംഡിയുടെ മുന്നിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇതിനോടകം നാട്ടുകാര്‍ ആരംഭിച്ചു കഴിഞ്ഞു. നാടിന്റെ ആവശ്യം ബന്ധപ്പെട്ടവര്‍ കേള്‍ക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് നെല്ലിയാമ്പതിക്കാര്‍ ഓരോ ദിവസവും മുന്നോട്ടു പോകുന്നത്.

റിപ്പോര്‍ട്ട്: കെ.ബി ശ്യാമപ്രസാദ്

Top