കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ തിരിച്ചെടുക്കാന്‍ തടസ്സമുണ്ടെന്ന് സര്‍ക്കാര്‍

ksrtc

തിരുവനന്തപുരം: പിരിച്ചുവിട്ട കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ തിരിച്ചെടുക്കാന്‍ തടസ്സമുണ്ടെന്ന് വ്യക്തമാക്കി സര്‍ക്കാര്‍. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് പിരിച്ചു വിട്ട ജീവനക്കാരുടെ സമരം 38-ാം ദിവസത്തിലേയ്ക്ക് കടക്കുമ്പോഴായിരുന്നു ജീവനക്കാരെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

അതേസമയം, ഇന്നലെ സമരം ചെയ്യുന്ന കണ്ടക്ടര്‍മാരില്‍ ചിലര്‍ മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയെങ്കിലും ഫയര്‍ഫോഴ്സും പൊലീസും ഇടപെട്ട് താഴെയിറക്കിയിരുന്നു. എന്നാല്‍ തങ്ങളെ തിരിച്ചെടുക്കുംവരെ സമരം തുടരുമെന്ന നിലപാടിലാണ് താത്കാലിക കണ്ടക്ടര്‍മാര്‍. നിയമസഭാ സമ്മേളനത്തിനിടെ സമരക്കാര്‍ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പ്രശ്നത്തില്‍ ഒത്തുതീര്‍പ്പ് സാധ്യമായിരുന്നില്ല. സമരക്കാര്‍ മുഖ്യമന്ത്രിയുടെ വീട്ടിലേയ്ക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇടതുമുന്നണി കണ്‍വീനര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ തീരുമാനം പിന്‍വലിച്ചിരുന്നു.

ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് കെഎസ്ആര്‍ടിസിയിലെ 3861 എംപാനല്‍ കണ്ടക്ടര്‍മാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടത്. നിയമന ഉത്തരവ് ലഭിച്ചവരെ ഉപയോഗിച്ച് നിലവിലുള്ള ഒഴിവുകള്‍ നികത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്. എന്നാല്‍ പിരിച്ചു വിടപ്പെട്ട കണ്ടക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ സാധിക്കുമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.

Top