പ്രതിസന്ധിക്ക് പരിഹാരമാകുന്നു ; പിരിച്ചുവിട്ട ഡ്രൈവര്‍മാരെ കരാര്‍ ജീവനക്കാരായി നാളെ തിരിച്ചെടുക്കും

ksrtc

തിരുവനന്തപുരം: 2107 എംപാനല്‍ഡ് ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെത്തുടര്‍ന്നുണ്ടായ കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. പിരിച്ചുവിട്ട ഡ്രൈവര്‍മാരെ കരാര്‍ ജീവനക്കാരായി നാളെ തിരിച്ചെടുക്കാന്‍ തീരുമാനമായി. പിരിച്ചുവിട്ട 2107 ജീവനക്കാരും നാളെ തിരികെ ജോലിയില്‍ പ്രവേശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി രണ്ട് ദിവസത്തിനകം പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞിരുന്നു. തൊഴിലാളികളുടെ സഹകരണത്തോടെ വിഷയം പരിഹരിക്കുമെന്നും കൂടുതല്‍ സര്‍വീസ് മുടങ്ങാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

എംപാനല്‍ഡ് ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഇന്നു രാവിലെ മാത്രം നൂറിലധികം സര്‍വീസുകള്‍ മുടങ്ങി. തെക്കന്‍ കേരളത്തിലാണ് പ്രതിസന്ധി ഏറെ ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 35 സര്‍വീസുകളാണ് റദ്ദാക്കിയത്. കൊല്ലം കൊട്ടാരക്കര ഡിപ്പോകളിലും സര്‍വ്വീസ് മുടങ്ങി. വടക്കന്‍ കേരളത്തില്‍ ആകെ 50 സര്‍വ്വീസുകള്‍ തടസപ്പെട്ടു. കാസര്‍കോട് നിന്നുള്ള 9 അന്തര്‍സംസ്ഥാന സര്‍വ്വീസുകളും മുടങ്ങിയവയില്‍പെടുന്നു

അതേസമയം പ്രതിസന്ധി മധ്യകേരളത്തെ കാര്യമായി ബാധിച്ചിട്ടില്ല. അവധിയിലുള്ളവര്‍ കൂടി ജോലിയില്‍ തിരികെ പ്രവേശിച്ചാല്‍ പ്രതിസന്ധി എറണാകുളം ഡിപ്പോയെ ബാധിക്കില്ലെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

Top