നാളെ മുതല്‍ അന്തര്‍ ജില്ലാ ബസ് സര്‍വ്വീസുകള്‍; ജൂണ്‍ എട്ടിന് ശേഷം ഹോട്ടലുകളും തുറക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ അന്തര്‍ ജില്ലാ ബസ് സര്‍വ്വീസുകള്‍ക്ക് അനുമതി. ലോക്ക്ഡൗണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന സമിതി യോഗത്തിലാണ് തീരുമാനമായത്.

സര്‍വ്വീസുകള്‍ക്ക് അധിക നിരക്ക് ആയിരിക്കും ഈടാക്കുക. ജൂണ്‍ എട്ടിന് ശേഷം നിയന്ത്രണങ്ങളോടെ ഹോട്ടലുകള്‍ തുറക്കുകയും അവിടെ തന്നെ ഇരുന്ന് ഭക്ഷണ കഴിക്കാന്‍ അനുവാദം നല്‍കുമെന്നുമാണ് തീരുമാനം. അതേസമയം, അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് തത്കാലം അനുമതി നല്‍കിയിട്ടില്ല.

ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ മതമേലധ്യക്ഷന്മാരുമായി ചര്‍ച്ചചെയ്ത ശേഷമാകും തീരുമാനമെന്ന് യോഗം അറിയിച്ചു. ആരാധാനാലയങ്ങള്‍ തുറന്നാല്‍ എത്രപേര്‍ക്ക് ഒരു സമയം ആരാധന നടത്താന്‍ പ്രവേശനമുണ്ട്. ആളുകള്‍ കൂടിയാല്‍ എന്ത് നടപടികള്‍ സ്വീകരിക്കണമെന്ന കാര്യത്തില്‍ സംസ്ഥാനം വ്യക്തത വരുത്തും. മാളുകള്‍ തുറക്കുമ്പോള്‍ ജനത്തിരക്കിനുള്ള സാധ്യത സര്‍ക്കാര്‍ കാണുന്നുണ്ട്. മാളുകള്‍ തുറക്കാന്‍ തീരുമാനിച്ചാല്‍ അതിനായി പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

പാസില്ലാതെ സംസ്ഥാന അതിര്‍ത്തി കടക്കാമെന്നുള്ള നിര്‍ദേശം രോഗവ്യാപനം കൂട്ടുമെന്നാണ് സംസ്ഥാന വിലയിരുത്തല്‍. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ പാസ് എടുക്കാതെ വ്യോമ, ട്രെയിന്‍, റോഡ് മാര്‍ഗം പ്രവേശനം തല്ക്കാലം വേണ്ടെന്നാണ് സംസ്ഥാന നിലപാട്. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. കോവിഡ് ജാഗ്രത പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്തു പാസുമായി വന്നില്ലെങ്കില്‍ സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനം താളം തെറ്റുമെന്നും.

ക്വാറന്റീനില്‍ കഴിയുന്നവരുടെ കണക്കുകള്‍ കൃത്യമായി മനസിലാക്കുന്നതിനോ അവര്‍ ക്വാറന്റീന്‍ ലംഘിച്ചാല്‍ കണ്ടെത്തുന്നതിനോ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ ഉദാരമായി നല്‍കുന്നത് സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദമുണ്ടാക്കിയിട്ടുണ്ട്. ആരാധാനാലയങ്ങള്‍ തുറക്കണമെന്നുള്ള പ്രതിപക്ഷം ആവശ്യമാണ് മറ്റൊരു തലവേദന. സര്‍വകക്ഷിയോഗത്തില്‍ രോഗപ്രതിരോധത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ട് പ്രതിപക്ഷം ഓരോ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് വോട്ട് ലക്ഷ്യം വെച്ചാണെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.

Top