250 രൂപയ്ക്ക് മൂന്നാറിലേക്ക് വൺഡേ ടൂർ പാക്കേജ് പദ്ധതി ഒരുക്കി കെഎസ്ആർടിസി

കോവിഡ് കാരണം യാത്രകൾ മുടങ്ങി പോയെന്ന് കരുതി വീട്ടിൽ ഒതുങ്ങി ഇരിക്കേണ്ട. ഇതിനായി സർക്കാരിന്റെ ടൂറിസം പദ്ധതികളും യാത്രാ വാഹന സൗകര്യവും വിനിയോഗിയ്ക്കാം. യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കിൽ താമസമൊരുക്കുന്ന പദ്ധതിയ്ക്കും ഫോട്ടോഷൂട്ടിന് അവസരമൊരുക്കുന്ന പദ്ധതിയ്ക്കും  പുറമെ പുതിയ പദ്ധതികളുമായി എത്തിയിരിക്കുകയാണ് കെഎസ്ആർടിസി. സൈറ്റ് സീയിങ് എന്ന പേരിൽ മൂന്നാറിലേക്കുള്ള വൺഡേ ടൂർ പാക്കേജ് പദ്ധതിയാണ് കെഎസ്ആർടിസി ആരംഭിച്ചത്. 250 രൂപയ്ക്കാണ് കെഎസ്ആർടിസി മൂന്നാറിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ സന്ദര്‍ശിയ്ക്കാൻ സന്ദര്‍ശകര്‍ക്ക് അവസരം നൽകുന്നത്.

മൂന്നാറിലെ പ്രധാന സ്ഥലങ്ങൾ ആസ്വദിച്ച് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യാം. രാജമല, മറയൂർ കാന്തല്ലൂർ എന്നിവയിലേക്കും ഉടൻ സര്‍വീസ് ആരംഭിയ്ക്കും എന്നാണ് സൂചന. മൂന്നാര്‍ ഡിപ്പോയിൽ നിന്ന് രാവിലെ ഒൻപതിനാണ് ഈ സര്‍വീസ് തുടങ്ങുന്നത്. ടോപ് പോയിൻറിൽ ഒരു മണിക്കൂര്‍ ചെലവഴിച്ച ശേഷമാണ് കുണ്ടള, മാട്ടുപെട്ടി, റോസ്ഗാര്‍ഡൻ തുടങ്ങിയ ഇടങ്ങളിൽ എത്തുന്നത്. വൈകിട്ട് 5 മണിയോടെ സര്‍വീസ് അവസാനിയ്ക്കും. വെള്ളിയാഴ്ച ആരംഭിച്ച ആദ്യ സര്‍വീസ് 30-ഓളം യാത്രക്കാര്‍ പ്രയോജനപ്പെടുത്തിയതായാണ്‌ സൂചന.

മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്കു താമസത്തിനായി 2 എസി ബസുകൾ കെഎസ്ആര്‍ടിസി വിട്ടുനൽകിയിട്ടുണ്ട്. ഓരോന്നിലും 16 കിടക്കകൾ വീതം ഉണ്ട്. മൂന്നാര്‍ സന്ദർശകർക്കു ദിവസവാടകയ്ക്ക് ആണ് ബസ് നൽകുന്നത്. ഒരു സീറ്റിന് 100 രൂപയാണ് ഈടാക്കുന്നത്. പുതപ്പിന് അധികം തുക നൽകണം.

Top