KSRTC filed petition against National Green Tribunal

ksrtc

കൊച്ചി: ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിയനുസരിച്ച് പത്തുവര്‍ഷം പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ പിന്‍വലിക്കണമെന്ന ഉത്തരവ് നടപ്പിലാക്കിയാല്‍ 1102 ബസുകള്‍ നിരത്തില്‍ നിന്നും പിന്‍വലിക്കേണ്ടി വരുമെന്ന് കെഎസ്ആര്‍ടിസി. പൊതുഗതാഗത സംവിധാനമെന്ന നിലയില്‍ പൊതുജനത്തെ ബാധിക്കുന്ന വിഷയമായിട്ടും തങ്ങളുടെ വാദം കേള്‍ക്കാതെയാണ് ട്രൈബ്യൂണല്‍ ഉത്തരവ് നടപ്പിലാക്കിയത്.

ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും നിലനില്‍ക്കാത്തതുമാണെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കെഎസ്ആര്‍ടിസി വ്യക്തമാക്കുന്നു. സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ 6349 ബസുകളാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ 1102 എണ്ണത്തിനാണ് പത്തുവര്‍ഷത്തിന് മുകളില്‍ പഴക്കമുളളത്.

അതില്‍ തന്നെ 31 എണ്ണത്തിന് 1415 വര്‍ഷത്തോളം പഴക്കമുണ്ട്. നിലവില്‍ കെഎസ്ആര്‍ടിസി മലിനീകരണം ഉണ്ടാക്കുന്നതായി ഒരു പരാതിയും നിലവിലില്ല. സമയാസമയങ്ങളില്‍ പരിശോധനയും നടത്തുന്നുണ്ട്.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരത്തോടെയാണ് സര്‍വീസ് നടത്തുന്നതും. ഇത്രയും വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പൊതുഗതാഗത സംവിധാനം താറുമാറാകുകയും സ്ഥാപനം ഇല്ലാതാകുകയും ചെയ്യുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

കേരളത്തിലെ മലിനീകരണത്തിന്റെ തോത് 50ല്‍ താഴെയാണെന്നും ഇത് അപകടകരമായ അളവല്ലെന്നും പറയുന്ന ഹര്‍ജിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട പരിധിയുടെ അടുത്തുപോലും വരാത്തതാണ് ഈ മലിനീകരണ തോതെന്നും വിശദമാക്കുന്നു.

കൂടാതെ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയ സംഘടന ഉന്നയിച്ചിട്ടില്ലെന്നും ഹൈക്കോടതിയില്‍ കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

Top