കെഎസ്ആർടിസി: അന്തർ സംസ്ഥാന ബസുകളിൽ നിരക്കിളവ്

തിരുവനന്തപുരം: കെഎസ്ആർടിസി അന്തർ സംസ്ഥാന വോൾവോ, സ്കാനിയ, മൾട്ടി ആക്സിൽ ബസുകൾക്കു താൽക്കാലികമായി 30%  ടിക്കറ്റിൽ ഇളവുകൾ പ്രഖ്യാപിച്ചു. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനു വേണ്ടി ഫെബ്രുവരി 12 മുതൽ നിരക്ക് ഇളവ് നിലവിൽ വരും. ഇതോടൊപ്പം എസി ജൻറം ലോ ഫ്ലോർ ബസുകളിലും ടിക്കറ്റ് ഇളവ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

കോവിഡ് കാലഘട്ടത്തിൽ നേരത്തെ താൽക്കാലികമായി വർധിപ്പിച്ച നിരക്കിലാണ് ഇളവ് നൽകുന്നത്.കോവിഡ് കാലത്ത് എസി ജൻറം ലോ ഫ്ലോർ ബസുകളിൽ ആദ്യത്തെ 5 കിലോമീറ്ററിന് മിനിമം ചാർജ് 26 രൂപയും പിന്നീടുള്ള ഓരോ കിലോ മീറ്ററിനും 187 പൈസയുമാണ് ഈടാക്കിയിരുന്നത്.

മിനിമം ചാർജ് 26 രൂപയായി നിലനിർത്തുകയും പിന്നീടുള്ള കിലോമീറ്ററിന് 126 പൈസയായി കുറയ്ക്കുവാനും തീരുമാനിച്ചു. ഓരോ മണിക്കൂർ ഇടവിട്ട് തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ-എറണാകുളം വഴി കോഴിക്കോട് ഭാഗത്തേക്ക് ലോ ഫ്ലോർ എസി ബസുകൾ സർവീസ് നടത്തുന്നുണ്ട്.

 

Top