മൂകാംബികയിലേക്ക് പോയ സ്വിഫ്റ്റ് ബസ് ഗോവയിൽ; വിശദീകരണവുമായി കെഎസ്ആർടിസി

തിരുവനന്തപുരം: മൂകാംബികയിലേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവയിലെത്തിയെന്ന വാർത്തകൾ തെറ്റാണെന്ന് കെഎസ്ആർടിസി. വിജിലൻസ് അന്വേഷണത്തിൽ ഇക്കാര്യം കണ്ടെത്തിയതായി കെഎസ്ആർടിസി വ്യക്തമാക്കി. തിരുവനന്തപുരത്ത് നിന്ന് മൂകാംബികയിലെക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് നടത്തുന്നില്ലെന്നും യാതൊരു അടിസ്ഥാനവുമില്ലാതെ സ്വിഫ്റ്റിനെതിരെ വരുന്ന വാർത്തയുടെ ഭാഗമായി ഇതിനെ കണ്ടാൽ മതിയെന്നും മാനേജ്‌മെന്റ് അറിയിച്ചു.

നിലവിൽ കെഎസ്ആർടിസി സ്വിഫ്റ്റിന്റെ എയർ ഡീലക്‌സ് ബസുകൾ എറണാകുളത്ത് നിന്നും കൊട്ടാരക്കരയിൽ നിന്നുമാണ് കൊല്ലൂരിലേക്ക് സർവീസ് നടത്തുന്നത്. വിജിലൻസ് ഓഫീസർ നടത്തിയ അന്വേഷണത്തിൽ മെയ് എട്ടിന് കൊട്ടരക്കരക്കയിൽ നിന്നുള്ള സർവീസിലേയും എറണാകുളത്തു നിന്നുള്ള സർവീസിലേയും യാത്രക്കാരെ ഫോണിൽ വിളിച്ച് വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ ബസ് റൂട്ട് മാറി സർവീസ് നടത്തിയില്ലെന്നും യാത്ര സുഖകരമാണെന്നുമാണ് അറിയിച്ചത്.

കൂടാതെ ആ സർവീസുകളിൽ ട്രെയിനിങ് നൽകുന്നതിന് ചുമതലയുണ്ടായിരുന്ന ഇൻസ്‌പെക്ടർമാർ നൽകിയ റിപ്പോർട്ടും ബസ് വഴിമാറി സഞ്ചരിച്ചിട്ടില്ലെന്നാണ്. ബസുകളുടെ ലോഗ് ഷീപ്പ് പരിശോധിച്ചപ്പോഴും സ്ഥിരം ഓടുന്ന ദൂരം മാത്രമേ ബസുകൾ സർനീസ് നടത്തിയിട്ടുള്ളൂവെന്ന് കണ്ടെത്തിയതായും ബസ് ദിശമാറി സഞ്ചരിച്ചുവെന്ന യാത്രക്കാരുടെ പരാതി ലഭിച്ചിട്ടില്ലെന്നും കെഎസ്ആർടിസി വ്യക്തമാക്കി.

കെഎസ്ആർടിസി, സ്വിഫ്റ്റ് ബസുകൾ അന്തർ സംസ്ഥാന കരാറിന്റെ അടിസ്ഥാനത്തിലാണ് കർണാടകത്തിലേക്ക് സർവീസ് നടത്തുന്നത്. അത്തരം ഒരു കരാർ ഗോവയുമായി കെഎസ്ആർടിസി ഏർപ്പെട്ടിട്ടുമില്ല. ഗോവയിലേക്ക് സർവീസ് നടത്തണമെങ്കിൽ പ്രത്യേക പെർമിറ്റ് എടുക്കണം. അഥവാ വഴിതെറ്റി ഗോവയിലേക്ക് പോയാൽ പോലും പെർമിറ്റ് ഇല്ലാതെ ഗോവയിലേക്ക് കടത്തിവിടില്ലെന്നും മാനേജ്‌മെന്റ് വിശദീകരിച്ചു.

Top