ഇലക്ട്രിക് ബസ് ലാഭകരമെന്ന് കെഎസ്ആർടിസിയുടെ കണക്ക്

തിരുവനന്തപുരം: ഇലക്ട്രിക് ബസ് ലാഭകരമെന്ന് കെ.എസ്.ആർ.ടി.സിയുടെ കണക്ക്. പ്രതിമാസം 38 ലക്ഷം രൂപ ലാഭമെന്നാണ് കണക്കിൽ പറയുന്നത്. ബസുകളുടെ വരവ് ചെലവ് കണക്ക് ചൊവ്വാഴ്ച ഗതാഗത മന്ത്രിക്ക് സമർപ്പിക്കും. ഇ- ബസുകൾ ലാഭകരമല്ലെന്ന മന്ത്രി ​ഗണേഷ് കുമാറിന്റെ പരാമർശം ചർച്ചയായതിനു പിന്നാലെയാണ് കെ.എസ്.ആർ.ടി.സി ഇക്കാര്യം അറിയിച്ചത്.

കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ ബസുകളുടെ കണക്കാണ് സമർപ്പിക്കുക. 110 ഇലക്ട്രിക് ബസുകളാണ് തിരുവനന്തപുരം നഗരത്തിൽ നിലവിൽ ഓടുന്നത്.

ഈ ബസുകളൊക്കെ ഏതൊക്കെ റൂട്ടുകളിലാണ്, ഏതൊക്കെ റൂട്ടുകളിലാണ് ലാഭം, നഷ്ടം എന്നൊക്കെ റിപ്പോർട്ടിലുണ്ടാവും. ഈ റിപ്പോർട്ട് കിട്ടിയ ശേഷം ​ഗതാ​ഗത മന്ത്രി മുഖ്യമന്ത്രിയെ കാണും. മുഖ്യമന്ത്രിയുടെ അഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും വിഷയത്തിൽ തീരുമാനമെടുക്കു.

ആന്റണി രാജു മന്ത്രിയായിരുന്നപ്പോൾ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ബസുകൾ വാങ്ങിയത്. ഇ-ബസുകൾ ലാഭകരമാണെന്ന് നേരത്തെ ആന്റണി രാജു പറഞ്ഞിരുന്നു.

നേരത്തെ, ഇലക്ട്രിക്ക് ബസിനെതിരായ മന്ത്രി ഗണേഷിന്റെ പ്രസ്താവനയ്ക്ക് പരോക്ഷവിമർശനവുമായി വി.കെ പ്രശാന്ത് എം.എൽ.എ രം​ഗത്തെത്തിയിരുന്നു. തിരുവനന്തപുരത്തെ സോളാർ നഗരമാക്കൽ അടക്കം ലക്ഷ്യമിട്ട് നിരത്തിലിറക്കിയതാണ് ഇലക്ട്രിക് ബസുകളെന്ന് അദ്ദേഹം പറ‍ഞ്ഞു.

നഗരവാസികൾ ഇതിനോടകം ബസ് സ്വീകരിച്ചെന്നും ഇതിനെ ലാഭകരമാക്കാനും കൃത്യമായ മെയിന്റനൻസ് സംവിധാനം ഒരുക്കുകയുമാണ് കെ.എസ്.ആര്‍.ടി.സി ചെയ്യേണ്ടതെന്നും വി.കെ. പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

തിരുവനന്തപുരം നഗരത്തില്‍ നടപ്പാക്കിയ സിറ്റി സര്‍ക്കുലര്‍ ഇ- ബസുകള്‍ ലാഭകരമല്ലെന്നും ആളില്ലാതെ ഓടുന്ന ബസുകള്‍ പുനഃക്രമീകരിക്കുമെന്നുമായിരുന്നു ഇന്നലെ ​​​ഗതാ​ഗത മന്ത്രി പറഞ്ഞത്. തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമായിരുന്നു മന്ത്രി നിലപാട് വ്യക്തമാക്കിയത്.

‘വൈദ്യുതിയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇ-ബസുകള്‍ നഷ്ടമാണ്. തുച്ഛമായ ലാഭമാണുള്ളത്. യാത്രക്കാരില്ലാതെ അനാവശ്യമായി ഓടുന്നു. കിലോമീറ്ററിന് 28 രൂപ വച്ച് സ്വിഫ്റ്റിന് വാടക കൊടുക്കണം. ഇനി ഇ- ബസുകള്‍ വാങ്ങില്ല. നിലവിലുള്ളവ പുനഃക്രമകരിക്കാന്‍ നേരിട്ട് ഇടപെടും’- എന്നായിരുന്നു കെ.ബി ​ഗണേഷ്കുമാറിന്റെ വാക്കുകൾ.

ബസുകളുടെ ആയുസിലും മന്ത്രി സംശയമുന്നയിച്ചിരുന്നു. ഇവ എത്രനാള്‍ പോകുമെന്ന കാര്യം ഉണ്ടാക്കിയവര്‍ക്കു പോലും അറിയില്ല. ആര്‍ക്കെങ്കിലും ഉറപ്പ് നല്‍കാനാകുകുമോ എന്നും ഗണേഷ്‌കുമാര്‍ ചോദിച്ചിരുന്നു.

Top