കെഎസ്ആര്‍ടിസി സാമ്പത്തിക ക്രമക്കേട്; അന്വേഷണം അട്ടിമറിയ്ക്കാന്‍ നീക്കം?

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സാമ്പത്തിക ക്രമക്കേട് അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്ന് ആക്ഷേപം. 100 കോടിയുടെ സാമമ്പത്തിക ക്രമക്കേടാണ് എംഡി ബിജു പ്രഭാകര്‍ രണ്ടാഴ്ച മുന്‍പ് ഉന്നയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിട്ടില്ല. ആകെ എക്‌സിക്യൂട്ടീവ് ഡയറക്ടറോട് വീശദീകരണം ചോദിക്കുക മാത്രമാണ് ഇതുവരെ ചെയ്തിരിക്കുന്നത്.

ഈ മാസം 16 ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആക്ഷേപം ഉന്നയിച്ചത്. 2010-13 കാലഘട്ടത്തില്‍ കെടിഡിഎഫ്‌സിമായി നടത്തിയ സാമ്പത്തിക ഇടപാടില്‍ 100 കോടി കാണാനില്ലെന്നും ഇത് സംബന്ധിച്ച ഫയലുകള്‍ കെഎസ്ആര്‍ടിസിയില്‍ ഇല്ലെന്നുമുള്ള ഗുരുതര ആരോപണമാണ് എംഡി ഉന്നയിച്ചിരുന്നത്. ധനകാര്യപരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഇത് ശരിവയ്ക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് എക്‌സി.ഡയറക്ടറും ആക്ഷേപം ഉയര്‍ന്ന കാലഘട്ടത്തില്‍ അക്കൗണ്ട്‌സിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനുമായിരുന്ന കെ എം ശ്രീകുമാറിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റി. അദ്ദേഹത്തോട് വിശദീകരണം തേടിയ ശേഷം, വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കുമെന്നാണ് എംഡി അറിയിച്ചിരുന്നത്.

2 കോടിയില്‍ കൂടുതലുള്ള ഏത് ഇടപാടിനും കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരം വേണമെന്നാണ് ചട്ടം. 100 കോടിയുടെ സാമ്പത്തിക ക്രമക്കേടില്‍ ഒരുദ്യോഗസ്ഥനോട് മാത്രം വിശദീകരണം ചോദിച്ചതിലും ദുരൂഹതയുണ്ട്. കൂടാതെ വിവാദ ഫയലുകള്‍ കാണാതായ സംഭവത്തില്‍ ഒരു പരാതിയും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. സാമ്പത്തിക ക്രമക്കേടില്‍ വിശദീകരണം നല്‍കാന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് 10 ദിവസം കൂടി സമയം നല്‍കുമെന്നാണ് സൂചന. അതേസമയം അന്വേഷണ പ്രഖ്യാപനം നീളുന്ന കാര്യത്തില്‍ പ്രതികരിക്കാന്‍ എംഡി ബിജു പ്രഭാകര്‍ തയ്യാറായില്ല.

 

Top