നീന്തി രക്ഷപ്പെടാമായിരുന്നു, എല്ലാവരെയും സുരക്ഷിതരാക്കാന്‍ നോക്കിയതിന് സസ്പെന്‍ഷനെന്ന് ഡ്രൈവര്‍

ഈരാറ്റുപേട്ട: പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍. സസ്പെന്‍ഷന് പിന്നാലെയാണ് ജയദീപിന്റെ പ്രതികരണം.

ബസ് ഓടിച്ചു പോകുന്നതിനിടെ വെള്ളം പെട്ടെന്ന് കയറുകയായിരുന്നുവെന്ന് ജയദീപ് പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ ആത്മധൈര്യത്തോടെയാണ് താന്‍ പെരുമാറിയതെന്ന് ജയദീപ് വ്യക്തമാക്കി. വേണമെങ്കില്‍ തനിക്ക് നീന്തി രക്ഷപ്പെടാമായിരുന്നു. എന്നാല്‍ എല്ലാവരെയും പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കണമെന്നതായിരുന്നു തന്റെ ലക്ഷ്യം. യാത്രക്കാര്‍ തന്നെ ചീത്തപറഞ്ഞോ എന്ന കാര്യവും പരിശോധിക്കണമെന്നും ജയദീപ് പറഞ്ഞു.

സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരേയും ജയദീപ് രൂക്ഷമായി പ്രതികരിച്ചു. ഒരു അവധി ചോദിച്ചാല്‍ പോലും തരാന്‍ ബുദ്ധിമുട്ടായിരുന്നു. ഇനി മറ്റൊരാളെവച്ച് ബസ് ഓടിക്കട്ടെയെന്നും ജയദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

ഈരാറ്റുപേട്ടയിലേക്കു പോയ കെഎസ്ആര്‍ടിസി ബസ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കു മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്ത് എത്തിക്കുകയായിരുന്നു.

വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയെന്നാണ് ഡ്രൈവര്‍ക്കെതിരെയുള്ള നടപടിക്ക് കാരണമായി കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

Top